
കാസര്‍കോട്: സി പി എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ ചെറുപ്പളശ്ശേരിയിലും സി പി എം ഓഫീസുകളില്‍ യുവതികളെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത് ഇതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി പി എമ്മിന്റെ ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളാകുന്നുവെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഉണ്ടായ വിവാദങ്ങള്‍ ഒരു കാരണവശാലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബി ജെ പിയുമായി അഞ്ച് സ്ഥലങ്ങളില്‍ യു ഡി എഫ് രഹസ്യധാരണയുണ്ടാക്കിയതെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു. ഗീഭല്‍സിയന്‍ തന്ത്രമാണ് കോടിയേരിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.