
ന്യൂഡല്‍ഹി: സമാന്തര സിനിമകളെ പിന്തള്ളി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനപ്രിയ ചിത്രങ്ങള്‍. മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൌലി ചിത്രമായ ബാഹുബലിയാണു മികച്ച സിനിമ. ബാജിറാവു മസ്താനി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണു മികച്ച സംവിധായകന്‍. മലയാളവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ പലതും സ്വന്തമാക്കി. ‘എന്ന് നിന്റെ മൊയ്തിനി’ലെ കാത്തിരുന്നു കാത്തിരുന്ന് എന്ന ഗാനത്തിന് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മാസ്‌റര്‍ ഗൌരവ് മേനോനു മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിനോദ് മങ്കരയുടെ പ്രിയമാനസമാണു മികച്ച സംസ്‌കൃതം സിനിമ. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്‌റോ ടോമി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. അമ്മയുടെ സംവിധായകന്‍ നീലനു പ്രത്യേക പരാമര്‍ശം ലഭിച്ചു. ക്രിസ്‌റോ ടോമി സംവിധാനം ചെയ്ത കാമുകിയാണു മികച്ച ഹ്രസ്വചിത്രം. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്കുമെന്ററിയുടെ വിവരണത്തിനാണു പുരസ്‌കാരം. സിനിമാ സൌഹൃദ സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളത്തിനു പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഗുജറാത്താണു മികച്ച സിനിമാ സൌഹൃദ സംസ്ഥാനം. പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള മലയാളം വിഭാഗത്തില്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.