
തിരുവനന്തപുരം: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും മലയാളികളുടെ ജാഗ്രതകുറവ് കണ്ട് നിരാശനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കടമെടുക്കുകയാണ്, സ്വാമിവിവേകാനന്ദന്റെ വാക്കുകള്‍-കേരളം ഭ്രാന്താലയമോ?
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ ജനോപകാരപ്രദമായ വീഡിയോകള്‍ മലയാളികള്‍ക്ക് നല്‍കിയ മുതുകാടിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ മലയാളിയുടെ ജാഗ്രതകുറവിനെ കുറിച്ചുള്ള നിരാശകളുണ്ട്. രോഷവുമുണ്ട്.
എല്ലാ പിടിവിട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ ആരും ആരുപറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മലയാളികളുള്ളതെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. നമ്മുടെ സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട അഞ്ഞൂറ് കാണുന്നു. പത്രങ്ങളിലും കോവിഡ് ഇപ്പോള്‍ പ്രധാനവാര്‍ത്തയല്ല. സമ്പര്‍ക്ക രോഗബാധ കുതിച്ചുയരുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് നമ്മള്‍ കടക്കുന്നു. എന്നിട്ടും നമുക്കൊരു കൂസലുമില്ല. ഉറക്കമിളിച്ചും പി.പി.ഇ കിറ്റിനുള്ളില്‍ ശ്വാസം മുട്ടിയും കുടുംബത്തില്‍ നിന്നും അകന്നു നിന്നും രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരൊക്കെ നമ്മുടെ പോക്ക് കണ്ട് മിഴിച്ചു നില്‍ക്കുകയാണ്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച വൈറസ് പോലും, പണ്ട് ഭാരതം മുഴുവന്‍ ചുറ്റിക്കറങ്ങിയ സ്വാമിവിവേകാനന്ദന്‍ കേരളം കണ്ടപ്പോള്‍ ഭ്രാന്താലയമെന്ന് വിളിച്ചതു പോലെ, നമ്മുടെ കാട്ടിക്കൂട്ടലുകള്‍ കണ്ടപ്പോള്‍, ഇന്തെന്ത് നാട് എന്ന് ചിന്തിച്ചു കാണും. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലമൊന്നും കൃത്യമായി പാലിക്കാതെയും നടക്കുന്ന അഹങ്കാരികളായ ആളുകളെ കണ്ടപ്പോള്‍ തനിക്ക് പടര്‍ന്നു പിടിക്കുവാന്‍ എത്രമാത്രം ഈസിയാണ് ഈ നാട് എന്ന് ഈ വൈറസ് ചിന്തിച്ചു കാണും. മുതുകാട് ചൂണ്ടിക്കാട്ടി.
നാളെ വരാന്‍ പോകുന്ന വിപത്തു കൂടി നമ്മള്‍ ആലോചിച്ചുകഴിഞ്ഞാല്‍ നല്ലതാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസുകാരുടെയുമൊക്കെ മനസ് മടുത്തുകഴിഞ്ഞാല്‍, അവരിലേക്കും രോഗം പടര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഒരു സംരക്ഷണത്തിനും ആരുമുണ്ടാവില്ല. നമ്മുടെ ഈ അശ്രദ്ധയും ധിക്കാരവും തുടര്‍ന്നു കഴിഞ്ഞാല്‍ നാളത്തെ കേരളം രോഗവ്യാപനത്തിലും നമ്പര്‍ വണ്ണാകും. മരണ നിരക്ക് കുത്തനെ കൂടും. ലോക്ഡൗണുകള്‍ തുടരും. കടകളും കമ്പനികളും ഓഫീസുകളും ഒന്നും തുറക്കാതെ ആര്‍ക്കും ജോലിയില്ലാതെ ആളുകള്‍ പട്ടിണി കിടന്ന് കുടുംബത്തോടു കൂടി ആത്്മഹത്യ ചെയ്യും. അതില്‍ പെട്ടുപോകുന്നത് മറ്റു രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന നിരപരാധികളായ നമ്മുടെ മാതാപിതാക്കളും കൊച്ചുകുഞ്ഞുങ്ങളുമൊക്കെയായിരിക്കും.അവരുടെയൊക്കെ ശാപം ഈ ധിക്കാരികള്‍ ഏറ്റുവാങ്ങേണ്ടി വരും. ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങള്‍ക്കൊന്നും ജനങ്ങള്‍ വിലകൊടുക്കുന്നില്ലെന്നും മുതുകാട് തുടര്‍ന്നു.