
നിലമ്പൂര്‍- മനുഷ്യ മനസ്സിലെ ചിന്താപ്രയാണങ്ങളെ വായിച്ചെടുത്ത പ്രമുഖ ഹിപ്‌നോട്ടിസ്റ്റ് ജോണ്‍സണ്‍ ഐരൂരിന് വിട. കുറ്റവാളികളുടെ മനസ്സ് വായിച്ച് സത്യം പുറത്തെടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വരെ സഹായം തേടിയ ഹിപ്‌നോട്ടിസത്തിലെ അതുല്യ പ്രതിഭയാണ് നിലമ്പൂരില്‍ വിടവാങ്ങിയത്. ആദ്യകാല യുക്തിവാദ പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സണ്‍ ഐരൂര്‍(73) കേരളത്തിനകത്തും പുറത്തും പ്രമുഖരുമായി അടുത്ത ബന്ധം കൂത്തുസൂക്ഷിച്ചയാളുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു മരണം. അര്‍ബുദബാധയെ തുടര്‍ന്നു കഴിഞ്ഞ ആറുവര്‍ഷമായി ചികിത്സയിലായിരുന്നു.
1946 ഡിസംബര്‍ നാലിന് കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ പാസ്റ്റര്‍ വര്‍ഗീസിന്റെയും റെയ്ച്ചല്‍ വര്‍ഗീസിന്റെയും മകനായാണ് ജനിച്ചത്. പിന്നീട് ഇവരുടെ കുടുംബം തൃശൂരിലേക്കു താമസം മാറ്റുകയായിരുന്നു. മെട്രിക്കുലേഷന്‍ പാസായി പോസ്റ്റ് ആന്‍ഡ് ടെലഫോണില്‍ ജോലി നേടിയ അദ്ദേഹത്തിന് യൂണിയന്‍ പ്രവര്‍ത്തനം കൊണ്ടു അടിയന്തിരാവസ്ഥക്കാലത്ത് ജോലി പോയി. യുക്തിവാദിയായിരുന്ന ഇദ്ദേഹം നിലമ്പൂരിലുള്ള കോമളം എന്ന ഹിന്ദു സ്ത്രീയെയാണ് വിവാഹം കഴിച്ചത്. തൃശൂരില്‍ വച്ച് നടന്ന വിവാഹത്തിലെ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ ഫാ. വടക്കന്‍ ആയിരുന്നു.
പ്രമാദമായ ചേകന്നൂര്‍ മൗലവി കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേരെ ഹിപ്‌നോ അനാലിസിസിനു വിധേയമാക്കാനായി സിബിഐ സംഘം ജോണ്‍സണ്‍ ഐരൂരിനെയാണ് സമീപിച്ചത്. ഡോ.എ.ടി. കോവൂരിന്റെ കേസ് ഡയറികള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യുന്നതിലൂടെ ലഭിച്ച അറിവുകള്‍, ഹിപ്‌നോസിസ് കൂടുതല്‍ പഠിക്കുന്നതിന്ന് ജോണ്‍സണെ പ്രേരിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷില്‍ നിന്നു പോലും പ്രശംസാ പത്രം ലഭിച്ചിട്ടുണ്ട്. പ്രമുഖ മാന്ത്രികന്‍ ആര്‍.കെ. മലയത്തുമൊത്ത് കേരളത്തിനകത്തും പുറത്തും ധാരാളം സ്റ്റേജ് ഹിപ്‌നോട്ടിക് പ്രകടനങ്ങള്‍. സി. അച്യുതമേനോന്‍, വി.ടി. ഭട്ടതിരിപ്പാട്, എം.സി. ജോസഫ്, എ.വി. ജോസ് തുടങ്ങിയവരുമായുള്ള സൗഹൃദം ഐരൂരിനെ ഒരു മികച്ച യുക്തിവാദിയാക്കി മാറ്റി. സ്വയംവര കന്യകള്‍, ബലാത്ക്കാരം ചെയ്യപ്പെടുന്ന മനസ്, ഭക്തിയും കാമവും, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനശാസ്ത്ര ദൃഷ്ടിയില്‍, ഹിപ്‌നോട്ടിസം ഒരു പഠനം തുടങ്ങിയവ ജോണ്‍സണ്‍ ഐരൂരിന്റെ കൃതികളാണ്. പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഒക്യുപേഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം ഹിപ്‌നോനോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ (എച്ച്.പി.ഡി) ലഭിച്ച ആദ്യ ഭാരതീയനാണ് ഐരൂര്‍. കേരളത്തിലെ എല്ലാസര്‍വകലാശാലകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വ്യക്തിത്വ വികസന ക്ലാസുകള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച ഹിപ്‌നോ തെറാപ്പിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പോഷക സംഘമായ ഫ്രാന്‍സ് ആസ്ഥാനമായുള്ള ഐ.യു.എ.ച്ച്.പിഇയിലെ ആജീവനാന്ത അംഗമായിരുന്നു.
ഭാര്യ: കോമളം. മക്കള്‍: തനൂജ( കോ-ഓപ്പറേറ്റീവ് ഓഡിറ്റര്‍, നിലമ്പൂര്‍), നിഖില്‍ ഐരൂര്‍(ലൈബ്രേറിയന്‍, ഐ.എസ്.ആര്‍.ഒ തിരുവനന്തപുരം). മരുമകള്‍: മിഷ.