വയറുമായി ബന്ധപ്പെട്ട അസുഖമുണ്ടാക്കുന്ന വൈറസാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കവും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാവും. ആരോഗ്യമുള്ളവരില്‍ നോറ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍ മറ്റു രോഗമുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാവാനും സാധ്യതയുണ്ട്.
രോഗ പകര്‍ച്ച
നോറോ വൈറസ് ജലജന്യ രോഗമാണ്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. വിസര്‍ജ്യം, ഛര്‍ദിവഴിയും രോഗം വേഗത്തില്‍ പടരുമെന്നതിനാല്‍ ശ്രദ്ധ ഏറെ ആവശ്യമാണ്.
രോഗലക്ഷണങ്ങള്‍
വയറിളക്കം, വയറു വേദന, ഛര്‍ദി, മനം മറിച്ചില്‍, പനി, തലവേദന, ശരീര വേദന എന്നിവ മൂര്‍ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയുണ്ടാവുകയും.
രോഗം ഉണ്ടായാല്‍ എന്തു ചെയ്യണം.
രോഗബാധിതര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടിലിരുന്നു വിശ്രമിക്കണം. ഒ ആര്‍ എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനകം രോഗലക്ഷണം മാറും. പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നു ദിവസം വരെ രക്ഷിക്കണം.
ഇവ ശ്രദ്ധിക്കാം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനമാണ്. ആഹാരത്തിനു മുന്നും പിന്നും കൈകള്‍ സോപ്പുപയോഗിച്ച നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. കടല്‍ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവ നന്നായി പാകം ചെയ്തു മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഉപയോഗിക്കാതിരിക്കുക.