
വയനാട്ടില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. എഎസ്‌ഐക്കും, പൊലീസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
ആക്രമണത്തില്‍ എഎസ്‌ഐ തങ്കന്റെ ഒരു പല്ല് നഷ്ട്ടപ്പെട്ടു. പൊലീസ് ഡ്രൈവര്‍ അനിഷിന്റെ വലതുകൈപ്പത്തിക്ക് ഒടിവും സംഭവിച്ചു. പൊലീസ് വാഹനവും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളായ മന്തണ്ടികുന്ന് സ്വദേശി കല്ലംകുളങ്ങര രഞ്ജു, ചെമ്മിക്കാട്ടില്‍ കിരണ്‍ ജോയി, ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയില്‍ ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലാണ് സംഭവം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ ബത്തേരി പൊലീസിനും വാഹനത്തിനും നേരെയാണ് യുവാക്കളുടെ ആക്രമണം ഉണ്ടായത്.
പ്രതികള്‍ പൊലീസ് ജീപ്പിന്‍്റെ പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. യുവാക്കള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പി ഡി പി പി ആക്‌ട് അടക്കം ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് മൂന്നംഗ സംഘത്തിനെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.