
കോന്നി: കനത്ത ചൂടായതിനാല്‍ റോഡും പരിസരങ്ങളെല്ലാം ഏതാണ്ട് വിജനമായിരുന്നു. ചിലര്‍ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയ മയക്കത്തിലും.
കടകള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പിലും ഒറ്റപ്പെട്ടവര്‍ മാത്രം. ഇതിനിടെയാണ് വലിയ ശബ്ദം സമീപസ്ഥലങ്ങളിലും പള്ളിയിലും ഉണ്ടായിരുന്നവരെ വിറപ്പിച്ചത്.
ആദ്യം ഓടി എത്തിയത് താവളപ്പാറ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ സമീപവാസി വലിയപറമ്ബില്‍ പ്രഫ. ജോസുകുട്ടി, പള്ളിവാതുക്കല്‍ സാബു ജോണ്‍, ഡോ. സൂസന്‍ പി. ജോണ്‍ എന്നിവരായിരുന്നു. ഇവര്‍ എത്തി നോക്കുമ്ബോള്‍ ബസ് പള്ളിയുടെ കമാനം തകര്‍ത്തു ബസ് അകത്തു കയറി നില്‍ക്കുന്നു.
പള്ളി മുറ്റത്തെ തകര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ ഒരു സ്ത്രീ ചോരയില്‍ കുളിച്ചു കിടക്കുന്നു. ബസിന്‍റെ മുന്‍ഭാഗത്ത് ഇരുന്ന ഇവര്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു.
ഓടിയെത്തിവര്‍ കല്ലുകള്‍ നീക്കി ഇവരെ ഒരു ഓട്ടോറിക്ഷയില്‍ കോന്നി താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെനിന്നു പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.
ഫോണ്‍ വിളിച്ചും വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴിയും സമീപ വാസികള്‍ വിവരം അറിഞ്ഞ് ഓടിയെത്തി. പിന്നീട് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു.