
തുടര്‍ച്ചയായ മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍പിങ്ങിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍.
ആഗോള രാഷ്ട്രീയത്തില്‍ ശക്തമായ ശബ്ദമായി ചൈന ഉയര്‍ന്നു വന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. കൂടുതല്‍ ഉന്നതിയിലേക്കുള്ള ചൈനയുടെ മുന്നേറ്റങ്ങള്‍ക്ക് ആശംസകളെന്നും ട്വീറ്റില്‍ പറയുന്നു.
ചൈനയിലെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍, 69-കാരനായ ഷി ജിന്‍പിങ്ങിനു വോട്ടുചെയ്യുകയായിരുന്നു. ഷി ജിന്‍പിങ്ങിനെതിരെ മത്സര രംഗത്ത് ആരുമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാള്‍തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്
തുടര്‍ച്ചയായി രണ്ടു തവണയിലധികം ഒരാള്‍ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ നേരത്തേ ചൈനീസ് ഭരണഘടനയില്‍നിന്ന് നീക്കിയിരുന്നു.