
കോന്നി : ഇളകൊള്ളൂരിലെ അപകടസ്ഥലം കാണാന്‍ ഇന്നലെയും നിരവധിപേര്‍ എത്തി. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മാറ്റിയിട്ടില്ല.
ഇളകൊള്ളൂര്‍ ഓര്‍ത്തഡോസ് പള്ളിയുടെ മുന്നിലുള്ള ബസ് കാണാനും ഫോട്ടോയെടുക്കാനും നിരവധി യാത്രക്കാരും വാഹനം നിറുത്തി ഇറങ്ങി. ബസിന് മുകളില്‍ വീണുകിടന്ന കമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നു.
അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്നും വളവില്‍ ഓവര്‍ ടേക്ക് ചെയ്തതാണ് അപകടകാരണമെന്നും ബസില്‍ ജി പി എസും സ്പീഡ് ഗവര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ബസ് ഡ്രൈവര്‍ പത്തനാപുരം കുമാര്‍ മന്ദിരത്തില്‍ അജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ജെറോം ചൗധരിയുടെ രണ്ടുകാലുകളും ഒടിഞ്ഞു. സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങളും അപകടമുണ്ടാകാനുള്ള കാരണങ്ങളും പൊലീസ് പരിശോധിച്ചു. ദൃക്സാക്ഷികളുടെയും ബസിലും കാറിലും യാത്ര ചെയ്തിരുന്നവരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തി. വാഹനങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുമെന്നും ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോന്നി പൊലീസ് എസ്.എച്ച്.ഒ സി.ദേവരാജന്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് പരിശോധനകള്‍ നടത്തിയ ശേഷം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്ന് കോന്നി ജോയിന്റ് ആര്‍.ടി.ഒ സി.ശ്യാം പറഞ്ഞു.