എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ ഒഴിവിലെ നിയമനത്തിന്‌ താല്‍ക്കാലിക അംഗീകാരം നല്‍കണം

കൊച്ചി: എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് ഭേദഗതി വരുത്തി.

ഭിന്നശേഷിക്കാര്‍ക്ക് നീക്കിവയ്ക്കേണ്ട ഒഴിവുകളില്‍ നിയമനം നടത്തിയശേഷമേ 2018 നവംബര്‍ 18നുശേഷം മാനേജ്മെന്റ് നല്‍കിയിരിക്കുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാവൂ എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഭേദഗതി വരുത്തിയത്.

ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച ഒഴിവുകളില്‍ 2018 നവംബര്‍ 18നും 2021 നവംബര്‍ എട്ടിനുമിടയില്‍ നിയമനം നല്‍കിയവര്‍ക്ക് വിദ്യാഭ്യാസ ഓഫീസര്‍ താല്‍ക്കാലിക നിയമനാംഗീകാരം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും നിയമനം ലഭിച്ച അധ്യാപകരും നല്‍കിയ എണ്‍പതോളം അപ്പീലുകള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെങ്കിലും വിദ്യാര്‍ഥികളുടെ അക്കാദമിക താല്‍പ്പര്യങ്ങളെ ബാധിക്കാതിരിക്കാന്‍ അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. ഒരോ വര്‍ഷവും ആയിരക്കണക്കിന് ഒഴിവുകളാണ് ഉണ്ടാകുക എന്നും അത് നികത്താനാവശ്യമായ യോഗ്യരായ ഭിന്നശേഷിക്കാര്‍ ഉണ്ടാകില്ലെന്നുമായിരുന്നു അപ്പീല്‍ ഹര്‍ജിയിലെ വാദം.

എയ്ഡഡ് സ്കൂളുകളില്‍ ഓരോ വര്‍ഷവും ശരാശരി 3500 ഒഴിവുകള്‍ വര്‍ഷം ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥി ചുമതലയേല്‍ക്കുന്നതുവരെയാകും നിയമനം എന്ന വ്യവസ്ഥയില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച ഒഴിവുകളില്‍ നിയമനം നല്‍കിയവര്‍ക്ക് വിദ്യാഭ്യാസ ഓഫീസര്‍ താല്‍ക്കാലിക നിയമനാംഗീകാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ഇവര്‍ക്ക് ശമ്ബളവും ആനുകൂല്യങ്ങളും നല്‍കണം.
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ ഇവരെ പിന്നീട് സ്ഥിരപ്പെടുത്താം. ഭിന്നശേഷിക്കാരായ അധ്യാപകര്‍ ആ ഒഴിവിലേക്കെത്തിയാല്‍ താല്‍ക്കാലിക നിയമനം ലഭിച്ചവരെ അതേ സ്കൂളിലോ മാനേജ്മെന്റിന്റെ മറ്റ് സ്കൂളിലോ ആദ്യം ഉണ്ടാകുന്ന ഒഴിവില്‍ സ്ഥിരപ്പെടുത്തണം. 2021 നവംബര്‍ എട്ടിനുശേഷം ഉണ്ടായ ഒഴിവുകളില്‍ മാനേജര്‍മാര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താം.

Leave a Reply

Your email address will not be published. Required fields are marked *