
വേങ്ങര: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ 28 മാസത്തെ ജയില്‍ വാസത്തിനും ഒന്നര മാസത്തെ ഡല്‍ഹിയിലെ കരുതല്‍ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രി 9.30ഓടെ സ്വന്തം വീടണഞ്ഞു.
രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഭാര്യയോടൊപ്പം എത്തിയ കാപ്പന്‍ 9.30ഓടെ കണ്ണമംഗലം പൂച്ചോലമാടുള്ള സ്വന്തം വീട്ടിലെത്തി. മക്കളും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ജയില്‍ ജീവിതത്തിനിടെ സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടിരുന്നു. അവസാനമായി മാതാവിന്റെ മുഖം കാണാന്‍ പോലും അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നില്ല. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ നടന്ന ബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടം സന്ദര്‍ശിക്കുന്ന വേളയില്‍ യു.പി പൊലീസ് കാപ്പനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാഥറസ് സംഭവത്തിന്റെ മറവില്‍ അന്താരാഷ്ട്ര ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ശേഷം യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തടവിലിടുകയായിരുന്നു.
ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും നീതിക്കായി തന്നോടൊപ്പം നിന്ന മുഴുവന്‍ മനുഷ്യരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും നന്ദി അറിയിക്കുന്നുവെന്നും സിദ്ദീഖ് കാപ്പന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും വേങ്ങര പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശമുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.