
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നോടു ചേര്‍ന്ന കരിങ്കടലിനു മുകളില്‍ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പര്‍ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി.
യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം അമേരിക്കന്‍, റഷ്യന്‍ സേനകള്‍ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകള്‍ക്കു വഴിതുറന്നു.
അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തില്‍ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്‌ട്ര മേഖലയില്‍ പതിവുള്ള നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനു നേര്‍ക്ക് റഷ്യയുടെ രണ്ട് സുഖോയ് -27 യുദ്ധവിമാനങ്ങള്‍ വന്നുവെന്നാണു പെന്‍റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞത്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ പതിനൊന്നര മുതല്‍ 30-40 മിനിട്ടു നീണ്ട സംഭവത്തില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഡ്രോണിനു മുകളില്‍ ഇന്ധനം ചോര്‍ത്തി. ഒരു യുദ്ധവിമാനം ഡ്രോണിന്‍റെ പ്രൊപ്പല്ലര്‍ ഇടിച്ചുതകര്‍ത്തു. നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോണിനെ കടലിലേക്കു വീഴ്ത്തുകയായിരുന്നു. റഷ്യന്‍ യുദ്ധവിമാനത്തിനു തകരാര്‍ ഉണ്ടായെങ്കിലും അതു നിലത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, യുഎസ് ഡ്രോണിനെ തടയാന്‍ വേണ്ടിയാണു സുഖോയ് യുദ്ധവിമാനങ്ങള്‍ ശ്രമിച്ചതെന്നും ഇതിനിടെ ഡ്രോണിനു നേര്‍ക്ക് ആയുധപ്രയോഗമോ കൂട്ടിയിടിയോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
കരിങ്കടലില്‍ എവിടെവച്ചായിരുന്നു സംഭവമെന്നത് ഇരു വിഭാഗവും പുറത്തുവിട്ടിട്ടില്ല. 2014ല്‍ റഷ്യ യുക്രെയ്നില്‍നിന്നു പിടിച്ചെടുത്ത ക്രിമിയയിലെ സെവാസ്തപോള്‍ നാവിക ആസ്ഥാനത്തിനു സമീപമായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നേകാല്‍ കോടി ഡോളര്‍ വിലയും ഒരു വിമാനത്തിന്‍റെയത്ര വലിപ്പവുമുള്ള ഡ്രോണിനെ കടലില്‍നിന്നു വീണ്ടെടുക്കുന്നതു സംബന്ധിച്ച് യുഎസിന്‍റെ ഭാഗത്തുനിന്ന് അറിയിപ്പുണ്ടായിട്ടില്ല. റഷ്യക്ക് ഡ്രോണിനെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പെന്‍റഗണ്‍ വക്താവ് പറഞ്ഞത്. എന്നാല്‍, ഡ്രോണിന്‍റെ ഒട്ടേറെ ഭാഗങ്ങള്‍ റഷ്യന്‍ നാവികസേന കണ്ടെടുത്തതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റഷ്യന്‍ സൈനികനീക്കങ്ങള്‍ കണ്ടെത്തി യുക്രെയ്നു നല്കുന്നതില്‍നിന്നു യുഎസിനെയും പാശ്ചാത്യശക്തികളെയും പിന്തിരിപ്പിക്കാനായി റഷ്യ മനഃപൂര്‍വം ഡ്രോണ്‍ നശിപ്പിച്ചതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. യുഎസിന്‍റെയും സഖ്യകക്ഷികളുടെയും വിമാനങ്ങള്‍ അന്താരാഷ്‌ട്ര വ്യോമമേഖലയില്‍ പറക്കുന്നത് ഇനിയും തുടരുമെന്നാണു പെന്‍റഗണ്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വാഷിംഗ്ടണ്‍ ഡിസിയിലെ റഷ്യന്‍ അംബാസഡര്‍ അനത്തോളി ആന്‍റനോവിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. അമേരിക്കന്‍ ഡ്രോണ്‍ ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ശത്രുതാപരമായ നീക്കങ്ങളിലൂടെ റഷ്യയെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആന്‍റനോവ് ആവശ്യപ്പെട്ടു.