കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ ഫാത്തിമമാതാ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും.
സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. ഏകാധിപതികള്‍ എന്നും ഭീരുക്കളാണ്. നരേന്ദ്ര മോദിയും ആ ഗണത്തില്‍ പെടുന്ന ആളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നലെ കോഴിക്കോട് മുക്കത്ത് യു.ഡി.എഫ് ബഹുജന കണ്‍വന്‍ഷനും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍.