
ഷാര്‍ജ: മരുഭൂമിക്കു നടുവില്‍ അതിശയം പോലെ വിളയിച്ചെടുത്ത ഗോതമ്ബ് കതിരുകള്‍ കൊയ്തെടുത്തു. ഷാര്‍ജയിലെ മലീഹയില്‍ വലിയ മുന്നൊരുക്കത്തോടെ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പിന് സാക്ഷിയായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.
സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും എത്തിച്ചേര്‍ന്നു.
മരൂഭൂമിയില്‍ 400 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ച ഗോതമ്ബ് ഈ മാസം അവസാനത്തോടെ പൂര്‍ണമായും കൊയ്തെടുക്കും. ഷാര്‍ജ നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ മലീഹയിലെ ഗോതമ്ബുപാടത്ത് നവംബര്‍ അവസാനത്തിലാണ് വിത്തിറക്കിയത്. ഗോതമ്ബ് വിളവെടുപ്പിന് ശൈഖ് സുല്‍ത്താനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിളവെടുപ്പ് വിഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്തത്.
നാലുമാസത്തിനകമാണ് ആദ്യ വിളവെടുപ്പ് പൂര്‍ത്തിയായത്. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തത്. വിളവെടുപ്പിനുശേഷം, ഗോതമ്ബ് ഭക്ഷ്യയോഗ്യമാക്കുന്നതിന് മില്ലുകളിലേക്ക് അയക്കും. മേയ്, ജൂണ്‍ മാസത്തില്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഷാര്‍ജ കൃഷി, കന്നുകാലി വകുപ്പ് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2024ല്‍ ഗോതമ്ബുകൃഷി 880 ഹെക്ടറിലേക്കും 2025ല്‍ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും. ഷാര്‍ജ എമിറേറ്റിലേക്ക് ആവശ്യമായിവരുന്ന ഗോതമ്ബ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വര്‍ഷം 1.7 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്ബാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.