
കൊച്ചി: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം പി ബി അംഗം എം എ ബേബി. റബറിന് കിലോയ്ക്ക് 300 രൂപ തന്നാല്‍ തനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് ബിഷപ്പ് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല.ആര്‍എസ്എസ് സര്‍ക്കാര്‍ റബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല.’- എം എ ബേബിയുടെ വാക്കുകള്‍