
മലപ്പുറം-സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ വിപ്ലവത്തിന് അരങ്ങുണരുന്നു.ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന യോഗ്യ സാക്ഷരതാ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന സാക്ഷരതാ മിഷന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാകും.വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്പൂര്‍ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണവും അക്ഷയ പദ്ധതിയും വിജയിപ്പിച്ച മലപ്പുറം ജില്ലയില്‍ നിന്ന് സ്ത്രീശാക്തീകരണ രംഗത്ത് പുതിയ വിപ്ലവമായി യോഗ്യ പദ്ധതി മാറുമെന്നാണ് കണക്കാക്കുന്നത്.
ജില്ലയില്‍ കുടുംബശ്രീ നടത്തിയ കണക്കെടുപ്പനുസരിച്ച് 15000 സ്ത്രീകളാണ് പദ്ധതിക്ക് കീഴില്‍ പത്താം ക്ലാസ് യോഗ്യത നേടാനുള്ളത്.മൂന്നു വര്‍ഷങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ആദ്യവര്‍ഷം നാലായിരം പേരെയാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് പരിശീനത്തിനായി തെരഞ്ഞെടുക്കുന്നത്.രണ്ടായിരം പേര്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതാനുള്ള പരിശീനവും നല്‍കും.ജില്ലയിലെ പഞ്ചായത്തുകള്‍ തോറുമുള്ള സി.ഡി.എസുകള്‍ വഴിയാണ് യോഗ്യരാവരെ തെരഞ്ഞെടുക്കുന്നത്.സി.ഡി.എസ് തലങ്ങളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി സാക്ഷരതാ മിഷന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്.ക്ലബ്ബുകള്‍,ഓക്‌സിലറി ഗ്രൂപ്പുകള്‍,വായനശാലകള്‍ എന്നിവ മുഖേനയും പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും.രജിസ്റ്റര്‍ ചെയ്യുന്നവര്‍ ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സാക്ഷരതാ മിഷന്റെ പരീക്ഷാ ഫീസ് കുടുംബശ്രീ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും നല്‍കും.ഇതിന് പുറമെ സഹകരണസ്ഥാപനങ്ങള്‍,സ്വകാര്യ സ്ഥാപനങ്ങള്‍,വ്യക്തികള്‍ എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.
പരീക്ഷാ ഫീസ് ഇനത്തില്‍ കുടുംബശ്രീയില്‍ നിന്ന് ഇതിനകം 1305650 രൂപ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഡിസംബറില്‍ സാക്ഷരതാ മിഷന് കൈമാറിയിരുന്നു.യോഗ്യ പദ്ധതിയില്‍ പരിശീലനം നേടുന്നവരുടെ രജിസ്‌ട്രേഷന്‍ ഫെബ്രിവരിയില്‍ കായിക വകുപ്പുമന്ത്രി വി.അബ്്ദുറഹ്്മാന്‍ നിറമരുതൂരില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തിരുന്നു.രജിസ്‌ട്രേഷന്റെ അവസാന തീയ്യതി നേരത്തെ മാര്‍ച്ച് 31 നാണ് നിശ്ചയിച്ചിരുന്നത്.ഇത് മെയ് മാസം വരെ നീട്ടിയിട്ടുണ്ട്.
സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കൂടുതലുള്ള ജില്ലയിലെ തീരദേശ മേഖല,പട്ടിക ജാതി-പട്ടിക വര്‍ഗ കോളനികള്‍ എന്നിവിടങ്ങളില്‍ പദ്ധതി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് വ്യക്തമാക്കി.ജില്ലാ പ്രോഗ്രാം മാനേജര്‍ പി.റൂബി രാജിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.