ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും മനോഹരനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാത്തതിനെന്ന് പാെലീസ്

കൊച്ചി: പൊലീസ് സ്റ്റേഷനില്‍വച്ച്‌ കുഴഞ്ഞുവീണു മരിച്ച ഇരുമ്ബനം കര്‍ഷകകോളനി ചാത്തന്‍വേലില്‍ വീട്ടില്‍ മോഹനനെ (52) വാഹന പരിശോധനയ്ക്കിടെ ഹില്‍പാലസ് എസ്.ഐ ജിമ്മി ജോസ് കസ്റ്റഡിയിലെടുത്തത് ബൈക്കിന് മതിയായ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരിലെന്ന് വിശദീകരണം.

പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗം തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെത്തി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ ഈ ന്യായം.

പൊതുസ്ഥലത്ത് മദ്യപാനവും ലഹരിയിടപാടുകളുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐയും സംഘവും പട്രോളിംഗ് നടത്തിയത്. മനോഹരനെ മര്‍ദ്ദിച്ചിട്ടില്ല. കൈ തട്ടിമാറ്രി മനോഹരന്‍ ബൈക്കുമായി മുന്നോട്ടുപോയെന്നാണ് സ്റ്റേഷനിലെ പൊലീസുകാരുടെ വിശദീകരണം.

മനോഹരനെ തല്ലിയതിന് ദൃക്‌സാക്ഷിയുള്ള സാഹചര്യത്തില്‍ പൊലീസിന്റെ വാദം കംപ്ലയിന്റ് അതോറിട്ടി മുഖവിലയ്ക്കെടുത്തിട്ടില്ല. വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകകള്‍ കൈവശമില്ലെങ്കില്‍ 24 മണിക്കൂറിനകം ഹാജരാക്കിയാല്‍ മതിയെന്നാണ് ചട്ടം. ഇതിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല.

എസ്.ഐയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനോഹരന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് ഇ-മെയിലിലൂടെ പരാതി നല്‍കി. “എസ്.ഐ ജിമ്മി ജോസ് ഇളയച്ഛനെ ജീപ്പില്‍വച്ചോ പൊലീസ് സ്റ്റേഷനില്‍വച്ചോ മര്‍ദ്ദിച്ചുവെന്ന് തങ്ങളാരും പറയുന്നില്ല. പക്ഷേ ഇരുമ്ബനം മനയ്ക്കപ്പടി ഭാഗത്തുവച്ച്‌ വാഹനപരിശോധനയ്ക്കിടെ മര്‍ദ്ദിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. ഹൃദയാഘാതമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . ഇളയച്ഛനെ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചത് എസ്.ഐയുടെ ക്രൂരമായ പെരുമാറ്റമാണ്. ഇതില്‍ എസ്.ഐയ്ക്കെതിരെ ശക്തമായ നടപടി വേണം. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്” മനോഹരന്റെ ജ്യേഷ്ഠപുത്രന്‍ വിഷ്ണു കേരളകൗമുദിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *