മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍; അക്കൗണ്ടിലേക്കെത്തിയത് 9 ലക്ഷത്തോളം രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ അവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ 9,07,200 രൂപയാണ് അനുവദിച്ചത്. അയിരൂര്‍ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെന്‍ഷന്‍ ഇനത്തില്‍ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞ വ്യക്തിയെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് ഈ അപാകത സംഭവിച്ചത്.

സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഒരാള്‍ മരണപ്പെടുകയും ഇക്കാര്യം പ്രസ്തുത പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണെങ്കില്‍ അന്നുതന്നെ പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണു നിര്‍ദേശം. മറ്റു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണു പെന്‍ഷന്‍ ഗുണഭോക്താവ് മരിച്ചിട്ടുളളതെങ്കില്‍ അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ അങ്കണവാടി-ആശാ വര്‍ക്കര്‍മാര്‍ മുഖേന ശേഖരിച്ച്‌ അതതു മാസം ഡേറ്റാ ബേസില്‍ നിന്ന് ഒഴിവാക്കാന്‍ സെക്രട്ടറി ബാധ്യസ്ഥനാണെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മരണമടഞ്ഞ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറുന്നതിലൂടെ ബന്ധുക്കള്‍ തുക പിന്‍വലിക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *