
ന്യൂഡല്‍ഹി : അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ നിയമസാധുത അംഗീകരിച്ച് സുപ്രീംകോടതിയും. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ പദ്ധതിയല്ലെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ.
ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
വിഷയത്തില്‍ മറ്ര് പരിഗണനകളേക്കാള്‍ വിശാല പൊതുതാത്പര്യമാണ് മുന്നിട്ടു നില്‍ക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. അഗ്നിപഥിനെ നേരത്തേ ഡല്‍ഹി ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍.
കരസേനയില്‍ അഗ്നിപഥിന് മുന്‍പ് തുടങ്ങിവച്ച റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ഹര്‍ജികളും തള്ളി. റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശമില്ല. പ്രക്രിയ പൂര്‍ത്തിയാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമല്ല. സര്‍ക്കാര്‍ ഉദ്യോഗമാണെന്നും കരാറടിസ്ഥാനത്തില്‍ അല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
അഗ്നിപഥുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡല്‍ഹി ഹൈക്കോടതി വിശദമായി പരിശോധിച്ചതാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ബോധിപ്പിച്ചു. തോന്നുംപടി തിരഞ്ഞെടുക്കുന്ന പ്രക്രിയയല്ല. രാജ്യതാത്പര്യം മുന്‍നിറുത്തി സേനകളിലെ ഒഴിവുകള്‍ നികത്തേണ്ടി വരും.
വ്യോമസേനാ ഒഴിവ്:
ഹര്‍ജി 17ന് പരിഗണിക്കും
വ്യോമസേനയിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ നികത്തണമെന്ന ഹര്‍ജി ഈമാസം 17ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. നിയമന ഉത്തരവ് അയയ്ക്കുമെന്ന് വ്യോമസേന പറയുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചപ്പോഴാണ് ഹര്‍ജി പ്രത്യേകമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.