മലയാളി നഴ്സ് ജര്‍മനിയില്‍ അന്തരിച്ചു

വുര്‍സ്ബുര്‍ഗ്: ജര്‍മനിയിലെ വുര്‍സ്ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്ററാട്ട് റ്യോണ്‍ ക്ലീനിക്കില്‍ നഴ്സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്ബള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) അന്തരിച്ചു.

കഴിഞ്ഞ മൂന്നുദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വെളുപ്പിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്തത്തിലുണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

അനിമോളുടെ ഭൗതികശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മമ്ബള്ളിക്കുന്നേല്‍ സജിയാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളുണ്ട് ഇവര്‍ക്ക്.
വയനാട്, മാനന്തവാടി, ഒഴുകന്‍മൂല (ഇടവക) വെള്ളമുണ്ട് പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 6 നാണ് അനിമോള്‍ നഴ്സായി ബാഡ്നൊയെസ്ററാട്ട് റ്യോണ്‍ ക്ലീനിക്കല്‍ ജോലിയ്ക്കായി എത്തിയത്. അനിമോളുടെ അപ്രതീക്ഷിത വിയോഗം ഇവിടെയുള്ള മലയാളി സമൂഹം പ്രത്യേകിച്ച്‌ പുതുതായി കുടിയേറിയ മലയാളികളെ ആകെ ദുഖത്തിലാഴ്ത്തിയിരിയ്ക്കയാണ്. നിരവധി മലയാളികള്‍ ഈ ക്ലീനിക്കില്‍ ജോലി ചെയ്യുന്നുണ്ട്. ഈ പ്രദേശത്ത് സേവനം ചെയ്യുന്ന ഫാ. ജോണ്‍സണ്‍ തോട്ടത്തില്‍ ഇവിടുത്തെ മലയാളി സമൂഹത്തിനു സാന്ത്വനവുമായി അരികിലുണ്ട്.

സംസ്കാരം സ്വദേശത്ത് നടക്കും. ഈസ്റ്റര്‍ അവധി ദിവസങ്ങളായതിനാല്‍ അതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ചൊവ്വാഴ്ചയേ തുടങ്ങാനാവു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏകദേശം 5000 ത്തോളം യൂറോ ചെലവുണ്ടാകും. അതിനുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *