സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു

സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു.

ഈ ആഴ്ച അവസാനം നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിൻ സല്‍മാൻ എത്തുന്നത്. സെപ്റ്റംബര്‍ ഒമ്ബത്, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബര്‍ 11ന് ഔദ്യോഗിക സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

ഈയിടെ സൗദി അംബാസഡര്‍ സാലിഹ് അല്‍ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിക്കും വേണ്ടി ഉറ്റുനോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ 2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. അതിനിടെ, ഇന്ത്യയിലെത്തുന്ന സൗദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിനായി പാകിസ്ഥാൻ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 2019ല്‍ ഇന്ത്യയിലെത്തിയ സന്ദര്‍ഭത്തില്‍ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ പാകിസ്ഥാൻ സന്ദര്‍ശിച്ചിരുന്നു. ഇത്തവണ ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹം പാകിസ്ഥാൻ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുഭാഗത്തുനിന്നും ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *