പെയ്തിറങ്ങിയത് കനത്ത മഴ; ഇപ്പോഴും 23 ശതമാനം കുറവ്

പത്തനംതിട്ട: മൂന്നു ദിവസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പെയ്തിറങ്ങിയത് കനത്ത മഴ. 30 ശതമാനത്തിലധികം മഴക്കുറവാണ് ജൂണ്‍ മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ പത്തനംതിട്ട ജില്ലയിലുണ്ടായിരുന്നതെങ്കില്‍ ഇന്നലത്തെ കണക്കില്‍ ഇത് 23 ശതമാനമായി കുറഞ്ഞു.

1357.8 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1050.9 മില്ലിമീറ്റര്‍ മഴ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചു.

കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സീസണില്‍ മഴക്കുറവുണ്ട്. ഏറ്റവും കൂടുതല്‍ മഴക്കുറവ് ഇടുക്കിയിലാണ്. 60 ശതമാനം മഴക്കുറവാണ് ഇടുക്കിയിലുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം ഇക്കാല‍യളവില്‍ പത്തനംതിട്ടയേക്കാള്‍ അധികം മഴക്കുറവുണ്ട്.

ജലനിരപ്പ് അഞ്ചിരട്ടി

കഴിഞ്ഞ വെള്ളിയാഴ്ച പന്പാനദിയില്‍ ആറന്മുള ഭാഗത്തെ ജലനിരപ്പ് 60 സെന്‍റിമീറ്റര്‍ മാത്രമായിരുന്നു. എന്നാല്‍, പിന്നീടുള്ള 12 മണിക്കൂറിനുള്ളില്‍ നദിയിലേക്കു ജലപ്രവാഹമായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത മഴയില്‍ ജലനിരപ്പ് അഞ്ചിരട്ടിയിലധികമായി.

കിഴക്കൻ മേഖലയില്‍ പൊടുന്നനെ മഴ ശക്തമായപ്പോള്‍ ലഘു മേഘവിസ്ഫോടനം ഈ ഭാഗത്തുണ്ടായെന്നാണ് വിലയിരുത്തല്‍. അതിശക്തമായ മഴയാണ് കിഴക്കൻ വനമേഖലയില്‍ രണ്ടു ദിവസവും പെയ്തത്. പത്തനംതിട്ട ജില്ലയില്‍ റിക്കാര്‍ഡ് മഴ കഴിഞ്ഞ ദിവസം കോന്നി വനമേഖലയോടു ചേര്‍ന്ന കരിപ്പാൻതോട്ടില്‍ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *