കെ.എസ്.ഇ.ബി പെൻഷൻ ഇനി ജനം ചുമക്കേണ്ട, യൂണിറ്റിന് 17 പൈസ കുറയ്ക്കാൻ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉള്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നതിന് ഹൈക്കോടതിയുടെ വിലക്ക്.

യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി.

2013 നവംബര്‍ ഒന്നിന് കെ.എസ്.ഇ.ബി കമ്ബനിയാക്കിയപ്പോള്‍ നിലവിലുണ്ടായിരുന്നവര്‍ക്ക് പെൻഷനുള്‍പ്പെടെ നല്‍കാൻ മാസ്റ്റര്‍ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിലേക്ക് നല്‍കുന്ന തുക ഉത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി നിരക്ക് നിര്‍ണയിക്കാമെന്ന 2022ലെ താരിഫ് റെഗുലേഷനിലെ 34 (4)വ്യവസ്ഥയാണ് റദ്ദാക്കിയത്. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് വിധി.

അന്ന് റെഗുലേറ്ററി കമ്മിഷൻ ചെയര്‍മാനായിരുന്ന പ്രേമൻ ദിനരാജാണ് പെൻഷൻ ബാദ്ധ്യത ഉപഭോക്താക്കളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. കേരള പവര്‍ ഫിനാൻസ് കോര്‍പറേഷൻ ചെയര്‍മാനാണ് ഇപ്പോള്‍ പ്രേമൻ ദിനരാജ്. പെൻഷൻ ബാദ്ധ്യതയായ 17 പൈസയുള്‍പ്പെടെ യൂണിറ്റിന് 40 പൈസയാണ് കൂട്ടിയത്. പെൻഷൻ ബാദ്ധ്യത 2037 വരെ നിരക്ക് വര്‍ദ്ധനയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഇതാണ് ഒഴിവായത്.

മാസ്റ്റര്‍ട്രസ്റ്റിലേക്ക് നല്‍കുന്ന തുകയും അതിന്റെ പലിശയും ഉത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി നിരക്ക് നിശ്ചയിച്ചത് ഉപഭോക്താക്കളെ കേള്‍ക്കാതെയാണ്. ഇത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2003ലെ വൈദ്യുതിനിയമം, വൈദ്യുതിചട്ടം എന്നിവ പാലിക്കാതെയാണ് വ്യവസ്ഥ അന്തിമ റെഗുലേഷനില്‍ ഉള്‍പ്പെടുത്തിയത്. കരടില്‍ ഇല്ലാത്ത വ്യവസ്ഥ ഉള്‍പ്പെടുത്തുമ്ബോള്‍ റെഗുലേറ്ററി കമ്മിഷൻ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. വോള്‍ട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.

നിലവിലെ താരിഫിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. ജൂലായ് ഒന്നിന് പുതിയ താരിഫ് പ്രഖ്യാപിപ്പിക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. അതോടെ നിലവിലെ താരിഫ് സെപ്തംബര്‍ 30 വരെ നീട്ടി. വൈദ്യുതി ബോര്‍ഡിന് നടപ്പ് വര്‍ഷം 2939 കോടിയുടെ നഷ്ടമുണ്ടാകുമെന്ന അനുമാനത്തില്‍ 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടാനായിരുന്നു നീക്കം. കോടതി വിധിയുണ്ടായ സാഹചര്യത്തില്‍ ഇതില്‍ 17 പൈസ കുറച്ചേ താരിഫ് പ്രഖ്യാപനം നടത്താനാകൂ.

പൊളിച്ചത് കൊലച്ചതി

കോടതിവിധി വന്നതോടെ പെൻഷൻ ബാദ്ധ്യത വീണ്ടും സര്‍ക്കാരിനായി. 12419 കോടി രൂപയാണ് മൊത്തം ബാദ്ധ്യത. ഇതു നല്‍കാൻ സര്‍ക്കാര്‍ 2017ല്‍ 8144 കോടി രൂപയുടെ ബോണ്ട് 20 വര്‍ഷത്തേക്കും 3751 കോടിയുടെ ബോണ്ട് 10 വര്‍ഷത്തേക്കുമുണ്ടാക്കി. ഇത് തുല്യഗഡുക്കളായി നല്‍കാൻ വൈദ്യുതി ബില്ലില്‍ 10 ശതമാനം ഡ്യൂട്ടി ഏര്‍പ്പെടുത്തി. പ്രതിവര്‍ഷം 1200 കോടിയോളം വരുന്ന ഡ്യൂട്ടി തുക 2023 നവംബര്‍ വരെ കെ.എസ്.ഇ.ബി എടുക്കും. ശേഷം സര്‍ക്കാരിന് എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 8144 കോടി രൂപയുടെ ബാദ്ധ്യത 2022ലെ താരിഫ് പരിഷ്കരണത്തില്‍ സര്‍ക്കാരില്‍ നിന്ന് മാറ്റി ഉപഭോക്താക്കളുടെ ചുമലില്‍ കമ്മിഷൻ വച്ചുകെട്ടുകയായിരുന്നു.

കെ.എസ്.ഇ.ബി പെൻഷൻകാര്‍

40080

“കോടതി വിധി പഠിച്ച ശേഷം താരിഫ് പരിഷ്കരണത്തില്‍ തീരുമാനമെടുക്കും”

– വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ

Leave a Reply

Your email address will not be published. Required fields are marked *