അമരാവതി: തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് നായിഡു അറസ്റ്റിലായത്. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. നന്ത്യാല്‍ പോലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.പി. സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്ര ബാബു നായിഡു.
2014 – 2019 കാലഘട്ടത്തില്‍ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഉടനീളം എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയില്‍ എ.പി. സ്‌കില്‍ ഡെവലപ്‌മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തില്‍ ഇ.ഡിയും ആന്ധ്രാപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021-ലാണ് ചന്ദ്രബാബു നായിഡുവിനെതിരേ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുന്നത്. 250 കോടിയുടെ അഴിമതി നടത്തി എന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.
അതി നാടകീയതയ്‌ക്കൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ നന്ത്യാലിലെ ഫങ്ഷന്‍ ഹാളില്‍ എത്തിയാണ് സി.ഐ.ഡി. ഉദ്യോഗസ്ഥര്‍ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ് കൈമാറുന്നത്. എന്നാല്‍ ടി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ സമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം രൂപപ്പെടുകയും ചെയ്തു.
ഈ സമയം, ഗ്‌നാനപുരത്തെ ആര്‍.കെ. ഫങ്ഷന്‍ ഹാളില്‍ വെച്ച് രാവിലെ ആറു മണിയോടെ ജാമ്യമില്ലാ കുറ്റത്തിന് നിങ്ങളെ അറസ്റ്റ് ചെയ്യും എന്ന വിവരം അറിയിക്കുകയാണ്’ എന്ന് ചന്ദ്ര ബാബു നായിഡുവിന് നോട്ടീസ് നല്‍കിക്കൊണ്ട് മുതിര്‍ന്ന സിഐഡി ഉദ്യോഗസ്ഥന്‍ എം ധനുജ്ഞയുടു പറഞ്ഞു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അറസ്റ്റ്.