റിലീസിംഗിന്‍റെ ഏഴാം ദിവസം വരെ റിവ്യൂ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും വരെ സിനിമാ റിവ്യു പാടില്ലെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി.

പുതിയ സിനിമകളുടെ റിവ്യൂ ഏഴുദിവസം വരെ വിലക്കിയെന്നുള്ള വ്യാപക പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്.

സിനിമകള്‍ക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗര്‍മാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് സിനിമാ റിവ്യു ചെയ്ത് നശിപ്പിക്കുന്നതിനെതിരെയുള്ള കേസ് പരിഗണിച്ചത്.

ഫോണ്‍ കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സിനിമ നശിപ്പിക്കുന്ന റിവ്യു ഏഴല്ല, എഴുപതു ദിവസം കഴിഞ്ഞാലും പാടില്ലെന്നും കോടതി പറഞ്ഞു.

സിനിമ റിലീസ് ചെയ്യുന്ന ദിവസം റിവ്യു ബോംബിംഗ് നടക്കുന്നതായി കഴിഞ്ഞ തവണ അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. ഇതുകാരണം സിനിമാ വ്യവസായം നശിക്കരുത്.

ഇത്തരം പ്രവണതകള്‍ക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയുംകാലം എന്തുചെയ്തെന്നും കോടതി ആരാഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് റിവ്യു ബോംബിംഗ് തടയാൻ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടമില്ലെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സംവിധായകര്‍ നിര്‍മാതാക്കള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. ആരോഗ്യകരമായ റിവ്യൂവിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *