
പത്തനംതിട്ട : രാജ്യത്തെ സഹകരണ മേഖല തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് കിട്ടാക്കടങ്ങള്‍ക്കെന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്.
കിട്ടാക്കടം ഏറ്റവും കൂടുതലുള്ള സഹകരണ സംഘങ്ങള്‍ കേരളത്തിലാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.
രാജ്യത്തെ ആറു മേഖലകളായി തിരിച്ച് 2021 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ സഹകരണ സംഘങ്ങളില്‍ കേരളത്തിലാണ് ഏറ്റവുമധികം കാര്‍ഷിക വായ്‌പാ കുടിശികയുള്ളത്. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ആകെ നഷ്‌ടം 2598.25 കോടി രൂപയാണ്. ഇതില്‍ കേരളത്തിലെ സംഘങ്ങളുടെ മാത്രം നഷ്‌ടം 1861.38 കോടി രൂപയാണ്. കേരളത്തില്‍ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളിലും വായ്‌പാ കുടിശിക വര്‍ധിക്കുന്നതായി ആര്‍.ബി.ഐ. കണ്ടെത്തി. 632 പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇവിടെ നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.
സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയും സഹകരണ മേഖലയെ ബാധിച്ചു. പലിശരഹിത വായ്‌പ നല്‍കിയതിലൂടെയും കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ഇളവ് നല്‍കിയതിലൂടെയും 1146 കോടിയോളം രൂപയാണ് പ്രാഥമിക സഹകരണ മേഖലയക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നല്‍കിയ 3416 കോടി രൂപ വേറെയും കുടിശികയാണ്. തമിഴ്‌നാട്ടിലെ സഹകരണ മേഖലയിലും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രശ്‌നം ഗുരുതരമല്ലെന്നാണ് ആര്‍.ബി.ഐ. നിഗമനം.