യുപിയില്‍ ആറും നാലും വയസ്സുള്ള സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഈത്ത്ഹാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീടിനുള്ളിലാണ് കുട്ടികളുടെ ശരീരം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജയ് വീര്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളാണ് കൊല്ലപ്പെട്ടത്. ആറ് വയസ്സുള്ള സുര്‍ഭി, 4 വയസ്സുകാരി റോഷ്‌നി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.
ഇവരുടെ മൂത്ത സഹോദരിയായ അഞ്ജലി പാലാണ് കൊല നടത്തിയതെന്ന് കാന്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇവര്‍ കുറ്റസമ്മതം നടത്തിയതായും അദ്ദേഹം പറഞ്ഞു. വീട്ടിലാരുമില്ലാതിരുന്ന നേരത്താണ് അഞ്ജലി കൊലനടത്തിയത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെപ്പറ്റി അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 3 പുരുഷന്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
” ഞങ്ങള്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന്റെ കാരണമെന്തെന്ന് ഉടന്‍ അറിയാനാകും” ഈത്ത്ഹാ സീനിയര്‍ സൂപ്രണ്ട് സഞ്ജയ് വര്‍മ്മ പറഞ്ഞു.
മണ്‍വെട്ടി കൊണ്ടാണ് അഞ്ജലി സഹോദരങ്ങളെ കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തിന് ഉപയോഗിച്ച മണ്‍വെട്ടി വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ വസ്ത്രങ്ങളും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍വെട്ടിയിലും വസ്ത്രങ്ങളിലും ചോരക്കറ പുരണ്ടിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. തെളിവ് നശിപ്പിക്കാനായി ഇവ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാല്‍ രക്തക്കറയുടെ അംശം പൂര്‍ണ്ണമായി മാഞ്ഞിരുന്നില്ല.
കുട്ടികളുടെ മാതാപിതാക്കളായ ജയ് വീര്‍ സിംഗും ഭാര്യ സുശീലയും ഇവരുടെ മറ്റ് രണ്ട് മക്കളായ നന്ദ് കിഷോറും കനയ്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലനടന്നത്.
താന്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ സഹോദരിമാര്‍ മരിച്ച നിലയില്‍ കിടക്കുന്നത് ആണ് കണ്ടത് എന്നാണ് അഞ്ജലി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മണ്‍വെട്ടി കണ്ടെത്തിയത്. അന്നേദിവസം രാവിലെ ജയ് വീര്‍ മണ്‍വെട്ടി ഉപയോഗിച്ചിരുന്നു. എന്നാല്‍ പോലീസ് കണ്ടെടുക്കുന്ന സമയം മണ്‍വെട്ടി വൃത്തിയായി കഴുകിയ നിലയിലായിരുന്നു. കൂടാതെ മണ്‍വെട്ടിയുടെ അടുത്ത് നിന്നും ലഭിച്ച വസ്ത്രങ്ങളും അഞ്ജലിയിലേക്ക് സംശയമുയരാന്‍ കാരണമായി.
അന്നേദിവസം എവിടെയായിരുന്നു എന്ന പോലീസിന്റെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ അഞ്ജലിയ്ക്കായില്ല. അഞ്ജലിയുടെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയ പോലീസ് അവളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഞ്ജലി കുറ്റം സമ്മതിച്ചത്.
”പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം പ്രതി നേരെ പാടത്തേക്കാണ് പോയത്. ശേഷം മാതാപിതാക്കള്‍ വീട്ടിലെത്തുന്ന സമയത്ത് തിരിച്ചെത്തി. പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. കേസില്‍ തുടരന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,” എന്നും പോലീസ് പറഞ്ഞു.
അതേസമയം വീട്ടിലാരുമില്ലാതിരുന്ന സമയത്ത് അഞ്ജലി കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇത് സഹോദരിമാര്‍ കണ്ടിരുന്നുവെന്നുമാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്നാണ് സഹോദരിമാരെ അഞ്ജലി കൊന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.