ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും; ഇറാന്‍ വിദേശകാര്യ മന്ത്രി

തെഹ്‌റാന്‍: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയ പറഞ്ഞു.

ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ ഇന്നലെ മാത്രം 55 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേലും വ്യക്തമാക്കി. ലബനനിലേക്കും സിറിയയിലേക്കും ആക്രമണം വ്യാപിച്ചു. ഇസ്രയേലിലേക്ക് അസാധാരണമായ യുദ്ധകാല സന്ദര്‍ശനം നടത്താനും ആശുപത്രികള്‍, പള്ളികള്‍, സാധാരണക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കാനും ബൈഡന്‍ തിടുക്കം കൂട്ടിയത് കയ്‌പേറിയതും നിര്‍ഭാഗ്യകരവുമാണെന്നും അമിറാബ്ദൊള്ളാഹിയന്‍ പറഞ്ഞു.

അതേസമയം ലെബനനിലെ ഹിസ്ബുല്ല ഏറ്റുമുട്ടലിന് ഇറങ്ങിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും പ്രതികരണണമെന്നും നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *