സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവില്‍ പറഞ്ഞു. മറിച്ച്‌, ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കെ ബി ഗണേഷ് കുമാറിനെയും സോളാര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍ കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്.

സോളാര്‍ കമ്മീഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624 – 2021 നമ്ബറായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *