പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; ലളിത് ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി.പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്‌പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍.ജി.ഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *