വിരമിച്ചവര്‍ക്ക് ടിക്കറ്റിളവുമായി ഖത്തര്‍ എയര്‍വേസ്

ദോഹ: റിട്ടയര്‍മെന്റ് കാര്‍ഡ് കൈവശമുള്ള, വിരമിച്ച ഖത്തരികള്‍ക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേസ്.

സര്‍വിസ് കാലയളവിലെ അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരമായാണ് ഓഫറുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരമ്ബരാഗത സൂഖ് അല്‍ മതാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ് സി.ഇ.ഒ എൻജി. ബദര്‍ മുഹമ്മദ് അല്‍ മീര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റിട്ടയര്‍മെന്റ് കാര്‍ഡ് കൈവശമുള്ള എല്ലാ സ്വദേശികള്‍ക്കും 2024 ആരംഭത്തോടെ ഓഫറുകള്‍ ലഭ്യമാകും. ഇതുപ്രകാരം 170ലേറെ നഗരങ്ങളിലേക്കുള്ള എല്ലാ ഖത്തര്‍ എയര്‍വേസ് വിമാനങ്ങളുടെയും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളില്‍ 25 ശതമാനം ഇളവും ഇക്കണോമി ക്ലാസുകളില്‍ 50 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ റസ്റ്റാറന്റുകള്‍, കഫേകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ 20 ശതമാനം വരെ കിഴിവും ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാനുഭവം ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അല്‍ മീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *