എം.എല്‍.എമാരുടെ വികസന ഫണ്ട്: ഭരണാനുമതിവേഗത്തിലാക്കണം പി. ഉബൈദുല്ല എം.എല്‍.എ

മലപ്പുറം-ജില്ലയില്‍ എം.എല്‍.എമാരുടെ വികസന ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ താമസമുണ്ടെന്നും ഭരണാനുമതി നല്‍കുന്നത് വേഗത്തിലാക്കണണെന്നും പി. ഉബൈദുല്ല എം.എല്‍.എ. ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രേഖകളും കൃത്യമായി ലഭിക്കുന്ന പ്രപ്പോസലുകള്‍ക്ക് 30 ദിവസത്തിനകം ഭരണാനുമതി നല്‍കാറുണ്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്നും ഫിനാന്‍സ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടയുന്ന രൂപത്തിലാണ് ദേശീയപാതാ അതോറിറ്റി പ്രവര്‍ത്തിക്കുന്നതെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
എടവണ്ണപ്പാറ ജങ്ഷനില്‍ വാഹനാപകടങ്ങള്‍ കൂടി വരികയാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ പല ടൗണുകളിലും അനധികൃത പാര്‍ക്കിങ് വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത് മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ഇവ നീക്കം ചെയ്യുമെന്നും പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പൂര്‍ത്തീകരണം, പെരുമണ്ണ ക്ലാരി സ്മാര്‍ട്ട് വില്ലേജ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. എളങ്കൂര്‍ ജി.യു.പി.എസ്, മാരിയാട് ജി.എല്‍.പി.എസ്, മഞ്ചേരി ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളില്‍ എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ വാഹനം വാങ്ങുന്നതിന് ഇ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
മരവട്ടം 110 കെ.വി സബ്‌സ്‌റ്റേഷന്‍ നിര്‍മാണത്തിനായുള്ള ഭൂമി ഈ മാസം 28 ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കൈമാറുമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) അറിയിച്ചു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് നാലു നഴ്‌സുിങ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്നതിനായി സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ സമര്‍പ്പിച്ചിച്ചുണ്ടെന്നും എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, യു.എ ലത്തീഫ്, പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, കെ.പി.എ മജീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ വികസന കമ്മീഷണര്‍ സച്ചിന്‍ കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, എം.പിമാരുടെയും, എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *