പേരാമ്ബ്ര അനു കൊലപാതകക്കേസ്; ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: പേരാമ്ബ്ര അനു കൊലപാതകക്കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്.

അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബ് മോഷ്ടിച്ച സ്വർണം വില്‍ക്കാൻ സഹായിച്ചത് അബൂബക്കറായിരുന്നു. ഇയാളുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല.

കുറുങ്കുടിമീത്തല്‍ അനു(അംബിക-26)വിനെ 12-ാം തീയതി ഉച്ചയോടെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്‌.സി.യുടെ സമീപത്തുള്ള അള്ളിയോറതാഴ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 11-ാം തീയതി രാവിലെയാണ് വാളൂരിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാകുന്നത്. ഇരിങ്ങണ്ണൂരില്‍നിന്ന് കാറില്‍ എത്തിയ ഭർത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായിരുന്നു വാളൂരിലെ സ്വന്തം വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. മുളിയങ്ങലിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയെ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണിലും വിളിച്ചിട്ട് ലഭ്യമായില്ല.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജില്‍നടന്ന പോസ്റ്റുമോർട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് ലഭിച്ച സൂചന. എന്നാല്‍, ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ലെന്നത് ദുരൂഹതയുണർത്തിയിരുന്നു.

സംഭവദിവസം അനു ഒരു ബൈക്കില്‍ കയറിപ്പോകുന്നതായി നാട്ടുകാരിയുടെ മൊഴിയുണ്ടായിരുന്നു. സി.സി.ടി.വി.യില്‍നിന്ന് ചുവന്ന ബൈക്കിന്റെ ചിത്രം ലഭിക്കുകയും ചെയ്തു. ബൈക്കിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇതോടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *