എയര്‍പ്പോര്‍ട്ടുകളില്‍നിന്ന് ടാക്സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാല്‍ 5000 റിയാല്‍ പിഴ

ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളില്‍നിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാല്‍ 5000 റിയാല്‍ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്.

അനധികൃത ടാക്സികള്‍ക്കെതിരെ പിഴ ചുമത്തല്‍ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താല്‍പര്യമുള്ളവർ അവരുടെ വാഹനങ്ങള്‍ ടാക്സി ലൈസൻസുള്ള കമ്ബനികളിലൊന്നിന് കീഴില്‍ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയില്‍നിന്ന് പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു.

വ്യാജ ടാക്സി സർവിസുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ, എയർപോർട്ട് ഹോള്‍ഡിങ് കമ്ബനി എന്നിവയുമായി സഹകരിച്ച്‌ ‘ലൈസൻസില്ലാത്ത വാഹനങ്ങളില്‍ നീ യാത്രചെയ്യരുത്’ എന്ന തലക്കെട്ടില്‍ സംയുക്ത ബോധവല്‍ക്കരണ കാമ്ബയിനും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ടാക്സി പെർമിറ്റുള്ള വാഹനങ്ങള്‍ യാത്രക്കാർക്ക് സുരക്ഷിതത്വവും നല്ല അനുഭവവും ഉറപ്പുനല്‍കുമെന്ന് അതോറിറ്റി വിശദീകരിച്ചു.

സുരക്ഷയുടെയും ഗുണനിലവാരത്തിെൻറയും ഉയർന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം അത് ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്സികള്‍, 55ലധികം കാർ റെൻറല്‍ ഓഫീസുകള്‍, പൊതുഗതാഗത ബസുകള്‍, ലൈസൻസ്ഡ് ടാക്സി ആപ്പുകള്‍ എന്നിവയിലൂടെ യാത്രക്കാർക്ക് ആവശ്യമായ ഗതാഗത സൗകര്യം സൗദിയിലെ വിമാനത്താവളങ്ങളില്‍നിന്ന് ലഭ്യമാണ്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹറമൈൻ എക്സ്പ്രസ് ട്രയിനുമുണ്ട്.

പണം ഡിജിറ്റല്‍ പേയ്‌മെൻറായി നല്‍കാം, സഞ്ചാര പാത നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ടാക്സി ലൈസൻസുള്ള കമ്ബനികള്‍ നല്‍കുന്ന ഉറപ്പ്. ഇത് യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന് സഹായിക്കും. വിമാനത്താവളങ്ങളില്‍ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *