
ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എന്‍ എസ് എസ് നേതാവിനെ പുറത്താക്കി.
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റിനെതിരെയാണ് സംഘടന നടപടി എടുത്തത്. കോട്ടയത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് മീനച്ചില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരായിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തില്‍ നിന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജികത്ത് എഴുതി വാങ്ങിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നല്‍കി.
തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പങ്കെടുത്തതിന് പിന്നാലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നയര്‍ രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ചന്ദ്രന്‍ നായര്‍ പ്രതികരിച്ചു.