വാഹന തട്ടിപ്പ്; 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

മൂവാറ്റ്പുഴ: ഓട്ടത്തിന് കൊണ്ടുപോയ കാര്‍ ഉടമയറിയാതെ പണയം വച്ച കേസില്‍ 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായി. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡ് എളമണ്ണ വീട്ടില്‍ രാജേഷ് ജോസഫ്(മുന്ന54) ആണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കോയിപ്പറമ്പില്‍ വീട്ടില്‍ എഡിസന്റെ ഭാര്യയുടെ പേരിലുള്ള കാറാണ് എറണാകുളം കലൂരില്‍ പ്രതി നടത്തിയിരുന്ന മുന്ന ട്രാവല്‍സില്‍ ഓട്ടത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയി പണയംവച്ചത്. അര്‍ത്തുങ്കല്‍ സ്‌റ്റേഷനിലും എറണാകുളം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും വിസ തട്ടിപ്പ്,വാഹന തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതിയായശേഷം ഒളിവില്‍ പോയ ഇയാള്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്നു. അര്‍ത്തുങ്കല്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ഒ സന്തോഷ്‌കുമാര്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സേവ്യര്‍ എന്നിവര്‍ ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *