
കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം വിവാദമായതിന് പിന്നാലെ ആർഎല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.
കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
“കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതിരൂപമായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. ഭഗവാന്‍റെ സംരക്ഷണം നേരിട്ടറിഞ്ഞവളാണ് ദ്രൗപദി. കൃഷ്ണനെയും കൃഷ്ണയെയും ആരാധിക്കുന്ന ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്. രാമകൃണനോടൊപ്പം” – കേന്ദ്രമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തെ ഒന്നടങ്കം തലകുനിപ്പിക്കുന്ന പരാമർശമാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയത്. അതിന് കരുവായത് വിദ്യാഭ്യാസവും കഴിവുമുള്ള പ്രഗത്ഭനായ കലാകാരൻ എന്നതും ചിന്തിക്കേണ്ട ഒന്നാണ്. സത്യഭാമയുടെ ജാതി അധിക്ഷേപം വിവാദമായതിന് പിന്നാലെ രാഷ്‌ട്രീയ, സാമൂഹ്യ, സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. മോഹിനിയാട്ടം കളിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ലെന്നുമുള്ള വിവാദ പ്രസ്താവനയായിരുന്നു സത്യഭാമ ജൂനിയറിന്റേത്.