കൂടത്തായി കൊലക്കേസ് പ്രതി ജോളിയെ കുറ്റവിമുക്തയാക്കാന്‍ സാധിക്കില്ല; സുപ്രീംകോടതി

കൂടത്തായി കൊലക്കേസില്‍ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കില്‍ ജാമ്യപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു.

ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കൂടത്തായി കേസ് കേരളത്തിലെ പ്രമാദമായ കേസെന്നും കോടതി നിരീക്ഷിച്ചു.

ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറംലോകമറിയുന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളില്‍ ഇടംപിടിക്കുന്നത്. റിട്ട. അദ്ധ്യാപികയായ അന്നമ്മ തോമസിന്റെ മരണമായിരുന്നു കൊലപാതക പരമ്ബരയില്‍ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു.

പിന്നാലെ അന്നമ്മയുടെ സഹോദരൻ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *