മിലിറ്ററി കാന്റീനിലെ മദ്യം സൂപ്പര്‍ മാര്‍ക്കറ്റില്‍; മുൻ സൈനികനെ പൂട്ടി എക്സൈസ്

പത്തനംതിട്ട: ഇളമണ്ണൂരിലെ സൂപ്പർമാർക്കറ്റില്‍ വില്‍പനയ്ക്കുവെച്ച, മിലിട്ടറി കാന്റീനില്‍ നിന്നുള്ള മദ്യം പിടികൂടി.

102.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മുൻ സൈനികനായ ഇളമണ്ണൂരില്‍ ശ്രീചിത്തിരയില്‍ രമണൻ (64) അറസ്റ്റിലായി. അടൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ബി.അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയില്‍നിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റർ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്.

മിലട്ടറി കാന്റീനില്‍ മാത്രം വില്‍പ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്ഥിരമായി ഇവിടെ മദ്യവില്‍പ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം ഞായറാഴ്ച വൈകിട്ട് പരിശോധന നടത്തിയത്.

സൂപ്പർ മാർക്കറ്റില്‍നിന്ന് മദ്യം കണ്ടെത്തിയതിന് ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് മാവിളയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മദ്യശേഖരമുണ്ടെന്ന് രമണൻ എക്സൈസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *