ശബരിമലയില്‍ പള്ളിവേട്ട കഴിഞ്ഞു; ഇന്ന് പമ്ബയില്‍ ആറാട്ട്

പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്രം ഉത്സവത്തിന് സമാപനം കുറിച്ച്‌ തിങ്കളാഴ്ച പമ്ബയില്‍ ആറാട്ട് നടക്കും.

രാവിലെ 11.30നാണ് പമ്ബയിലെ ആറാട്ടുകടവില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തില്‍ അയ്യപ്പസ്വാമിയുടെ ആറാട്ട്. ഉത്സവ സമാപനത്തോടനുബന്ധിച്ച്‌ ഞായറാഴ്ച പള്ളിവേട്ട നടന്നു. ആനപ്പുറത്തായിരുന്നു ശരംകുത്തിയിലേക്ക് ദേവന്‍റെ എഴുന്നള്ളത്ത്. അമ്ബും വില്ലുമായി മുന്നില്‍ വേട്ടക്കുറുപ്പ് നീങ്ങി. പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായി എന്ന സങ്കല്‍പത്തില്‍ ശ്രീകോവിലിന് പുറത്തായിരുന്നു രാത്രിദേവന്‍റെ പള്ളിയുറക്കം.

തിങ്കളാഴ്ച രാവിലെ അഞ്ചിന് ശ്രീകോവിലിന് പുറത്താണ് പള്ളിയുണർത്തല്‍. അതിനുശേഷം അകത്തേക്ക് എഴുന്നള്ളിച്ച്‌ അഭിഷേകം ആരംഭിക്കും. രാവിലെ ഏഴുവരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. രാവിലെ ഒമ്ബതിന് ആറാട്ടിനായി പമ്ബയിലേക്ക് തിരിക്കും. പതിനെട്ടാംപടിക്ക് മുന്നില്‍ നെറ്റിപ്പട്ടം കെട്ടിനില്‍ക്കുന്ന ആന തിടമ്ബ് ഏറ്റുവാങ്ങുന്നതോടെ ഘോഷയാത്ര തുടങ്ങും. വെളിനല്ലൂർ മണികണ്ഠനാണ് തിടമ്ബേറ്റുന്നത്. ആറാട്ട് കഴിഞ്ഞ് സന്ധ്യയോടെയാണ് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുക.

അതുവരെ ദർശനം ഉണ്ടാവില്ല. പമ്ബയില്‍ ആറാട്ട് കഴിഞ്ഞ് ദേവനെ പമ്ബ ഗണപതി കോവിലില്‍ എഴുന്നള്ളിച്ച്‌ ഇരുത്തും. മൂന്നുമണിവരെ ഭക്തർക്ക് വഴിപാട് സമർപ്പിക്കാൻ അവസരം ഉണ്ട്. ആറാട്ടിന് കുള്ളാർ അണക്കെട്ട് തുറന്നുവിട്ട് ആവശ്യമായ വെള്ളം പമ്ബയില്‍ എത്തിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി കൂടുതല്‍ സർവിസുകളും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *