
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‍ദുല്‍ റഹീമിനെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ കുടുംബവും സുഹൃത്തുക്കളും.
റിയാദില്‍ വെച്ച് സൗദി ബാലൻ അനസ് അല്‍ശഹ്‌റി കാറില്‍ വെച്ച് അബദ്ധത്തില്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 16 വർഷമായി ജയിലില്‍ കഴിയുകയാണ് റഹീം. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന റഹീമിന്റെ പ്രധാന ജോലി ലയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു കുട്ടിക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത്. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനുണ്ടായിരുന്നു. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
കുട്ടിയുടെ മരണത്തിന് പിന്നാലെ റഹീം ജയിലാകുകയും വിചാരണയ്ക്ക് ഒടുവില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കാൻ ആദ്യം വിസമ്മദിച്ച സൗദി കുടുംബം പിന്നീട് മാപ്പ് നല്‍കാന്‍ തയ്യാറായി. ഇന്ത്യൻ എംബസ്സിയുടെയും റിയാദില്‍ പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തരമായ സമ്മർദ്ദത്തിനൊടുവിലായിരുന്നു മാപ്പ് നല്‍കാൻ സൗദി കുടുംബം തയ്യാറായത്. എന്നാല്‍ പതിനഞ്ച് മില്യണ്‍ റിയാല്‍ കുടുംബം ദയാധനമായി ആവശ്യപ്പെട്ടു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപയോളം വരുമിത്.
ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് നിലവില്‍ അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യുസഫ് അലി ഉള്‍പ്പെടേയുള്ളവരും വിഷയത്തില്‍ ഇടപെട്ടിരുന്നു. റഹീമിൻ്റെ മോചനത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചുകൊണ്ട് തന്നെ പണം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 16-ന് ഒപ്പുവച്ച കരാർ അടിസ്ഥാനത്തില്‍ ആറ് മാസത്തിനുള്ളില്‍ തുക കൈമാറേണ്ടതായിട്ടുണ്ട്.
“ഈ ഭീമമായ തുക സമാഹരിക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പണം ശേഖരിക്കാൻ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. വിശുദ്ധ മാസത്തില്‍ ഞങ്ങളുടെ പ്രാർത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” റഹീമിൻ്റെ അനന്തരവനായ മുഹമ്മദ് ജവാദ് പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ ഈ തുക സമാഹരിക്കുക എന്നത് വലിയ ദൗത്യമാണ്. ആശയവിനിമയത്തിലും ഞങ്ങളുടെ ആസൂത്രണത്തിലും പല തരത്തിലുള്ള കാലതാമസങ്ങളുണ്ടായെന്നും അദ്ദേഹം പറയുന്നു.
പരേതനായ മച്ചിലകത്ത് പീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുള്‍ റഹീം. ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു മുഹമ്മദ് കുട്ടി മരിച്ചത്. ഇപ്പോള്‍ ഫാത്തിമയുടെ ഏക പ്രതീക്ഷ ലോകമെമ്ബാടുമുള്ള ആളുകളുടെ ഔദാര്യമാണ്. “എൻ്റെ മകനെ എത്രയും വേഗം എനിക്ക് കാണണം,” എന്നും ഫാത്തിമ ആളുകളുടെ കാരുണ്യം തേടിക്കൊണ്ട് പറയുന്നു.