റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയത് 170 കോടി രൂപ; പ്രതിരോധത്തിലായി കെ സുരേന്ദ്രനും

ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി റോബര്‍ട്ട് വധ്രയില്‍ നിന്ന് ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 170 കോടി രൂപ വാങ്ങിയത് കേരളത്തിലും ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ എത്തുമ്ബോള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ വധ്രയില്‍ നിന്ന് പണം വാങ്ങിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തിന് ഉത്തരം മുട്ടുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് കെ സുരേന്ദ്രന്‍ ഒളിച്ചോടി.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി വധ്രയ്ക്ക് പങ്കാളിത്തമുള്ള ഡി എല്‍ എഫ് കമ്ബനി ഇലക്ടറല്‍ ബോണ്ടു വഴി 6 ഘട്ടങ്ങളിലായി 170 കോടി രൂപ ബി ജെ പി യ്ക്ക് കൈമാറിയതിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പണം കൈമാറിയതിനു പിന്നാലെ റോബര്‍ട്ട് വധ്രയ്‌ക്കെതിരായ നടപടികള്‍ ബി ജെ പി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്തു.

ദേശീയതലത്തില്‍ ബിജെപിയെ ഏറെ പിടിച്ചുകുലുക്കിയ ഇലക്ടറല്‍ ബോണ്ട് വിവാദം കേരളത്തിലും ബിജെപി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നിയോഗിച്ചതോടെ വധ്രയുമായുള്ള പണമിടപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ ഉരുണ്ടുകളി തുടരുകയാണ് കെ സുരേന്ദ്രന്‍.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കെ സുരേന്ദ്രന്‍ ഇതേ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുന്നത്.വധ്രയുടെ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയ വിവരം പുറത്തുവന്നതോടെ, വയനാട്ടില്‍ മത്സരരംഗത്തുള്‍പ്പെടെ ഒത്തുതീര്‍പ്പ് ധാരണയായില്ലേ എന്ന ചോദ്യവും കെ. സുരേന്ദ്രനു നേരെ ഉയരുകയാണ്. വയനാട്ടില്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ , ഡി എല്‍ എഫ് ഇലക്ടറല്‍ ബോണ്ട് വിഷയത്തെക്കുറിച്ച്‌ ദേശീയ നേതൃത്വം വിശദീകരിക്കും എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ കഴിയാത്ത അവസ്ഥയും സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *