
ഇ.ഡി അറസ്റ്റിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്തു കൊണ്ടാണ് ഈ പുസ്തകം വായിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടത്.രാമയണം,ഭഗവത് ഗീത എന്നീ പുസ്തകങ്ങള്‍ക്കൊപ്പം അദ്ദേഹം ആവശ്യപ്പെട്ട ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുയാണ്.
പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തക നീജ ചൗധരി എഴുതിയ ഈ പുസ്തകം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടങ്ങളെ കുറിച്ചുള്ള വിവരണമാണ്.രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാര്‍ എങ്ങിനെ കരകയറി തിരിച്ചുവരവ് നടത്തിയെന്നതാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം.
ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്ന നീര്‍ജ ചൗധരി കഴിഞ്ഞ വര്‍ഷമെഴുതിയ പുസ്തകമാണിത്.രാജ്യത്തെ പ്രഗല്‍ഭരായ മുന്‍ പ്രധാനമന്ത്രിമാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങളും അവയുടെ ഗതിവിഗതികളുമാണ് ഇതില്‍ പറയുന്നത്.
അടിയന്തിരാവസ്ഥക്ക് ശേഷം കനത്ത രാഷ്ട്രീയ തിരിച്ചടി നേരിട്ട ഇന്ദിരാഗാന്ധി പിന്നീട് അധികാരത്തില്‍ തിരിച്ചെത്താന്‍ സ്വീകരിച്ച നയങ്ങളും തീരുമാനങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.ഷാ ബാനു കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി എടുത്ത തീരുമാനങ്ങളുടെ രാഷ്ട്രീയ പ്രതിഫലനങ്ങള്‍,മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി.സിംഗ് എടുത്ത തീരുമാനം,ഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് തീരുമാനമെടുക്കാതിരുന്ന പി.വി നരസിംഹ റാവുവിന്റെ നിസ്സംഗത,ആണവ പരീക്ഷണം നടത്താന്‍ എ.ബി വാജ്്‌പേയി എടുത്ത തീരുമാനം തുടങ്ങി രാജ്യത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ച ഒട്ടേറെ തീരുമാനങ്ങളാണ് ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്.