റമദാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;പതാക ഉയര്‍ന്നു

മലപ്പുറം:റമളാന്‍ 27ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ ദുല്‍ഫുഖാര്‍ അലി സഖാഫി, പി.പി മുജീബ്‌റഹ്മാന്‍, അബ്ദുസമദ് ഹാജി മൈലപ്പുറം, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ അഹ്‌സനിപറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് എന്നിവര്‍ സംബന്ധിച്ചു.
മഅദിന്‍ ഗ്രാന്റ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സയില്‍ നൂറുകണക്കിനാളുകളാണ് സംബന്ധിക്കുന്നത്. ഇന്ന് ഉച്ചക്ക് 1 മുതല്‍ ചരിത്ര പഠനം സെഷന്‍ നടക്കും. പ്രമുഖ ചരിത്രകാരന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. വൈകുന്നേരം 4 ന് സകാത്ത് പഠന സംഗമം നടക്കും. സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി ക്ലാസെടുക്കും.
നാളെ വൈകുന്നേരം 4 ന് വളണ്ടിയര്‍ സംഗമം നടക്കും. രാത്രി 10 ന് മജ്‌ലിസുല്‍ ബറക സംഘടിപ്പിക്കും. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയായിരുന്ന സി.കെ മുഹമ്മദ് ബാഖവി അനുസ്മരണ സംഗമം നടക്കും. വൈകുന്നേരം 4ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും.
വെള്ളിയാഴ്ച വൈകുന്നേരം 4ന് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെഭാഗമായുള്ള 24 മണിക്കൂര്‍ ഇഅ്തികാഫ് ജല്‍സ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടം ചെയ്യും.
പ്രാര്‍ത്ഥനാ സമ്മേളന ദിനമായ ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകള്‍ നടക്കും. ഉച്ചക്ക് 1ന് അസ്മാഉല്‍ ബദ് രിയ്യീന്‍, 3 ന് അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസ്, 5 ന് വിര്‍ദുല്ലത്വീഫ് എന്നിവ നടക്കും. ശേഷം 1 ലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം നടക്കും. പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീന്‍, തറാവീഹ്, വിത്വ്‌റ് നിസ്‌കാരങ്ങള്‍ നടക്കും.
രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *