‘മാപ്ര’കള്‍ എന്ന് ‘രാപ്ര’കള്‍ (രാഷ്ട്രീയ പ്രവര്‍ത്തകര്‍) വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടു വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകളെ മറികടക്കുന്നതാണ്.
മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ മനസുരുകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന മാപ്രകള്‍,സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെടുമ്പോഴും, വാര്‍ത്തകളുടെ കാമ്പറിയുന്ന പലരും നമുക്കിടയിലുണ്ട്.
മാധ്യമവാര്‍ത്തകളെ എങ്ങിനെ കാരുണ്യപ്രവര്‍ത്തനത്തിന് അടിസ്ഥാനമാക്കാം എന്ന് തിരിച്ചറിഞ്ഞ നന്മ മരങ്ങള്‍ നമുക്കിടയിലുണ്ട്.ലോകത്ത് നടക്കുന്ന വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം തുടക്കം ഒരു വാര്‍ത്തയില്‍ നിന്നായിരിക്കുമെന്ന് നമുക്ക് വിസ്മരിക്കാനാവില്ല.ഫലസ്തീനിലേക്ക് സഹായമൊഴുകുന്നത്,അവിടെ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങള്‍ ലോകത്തിന്റെ വിവിധ മൂലകളില്‍ മാധ്യമങ്ങള്‍ എത്തിക്കുന്നത് കൊണ്ടാണല്ലോ…
മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളുടെ സാധ്യതകള്‍ തിരിച്ചറിയുന്നരാണ് വന്‍കിട ബിസിനസുകാര്‍.പണക്കാരുടെ ഔദാര്യത്തിലാണ് മാപ്രകള്‍ ജീവിക്കുന്നതെന്ന് വിഷം വമിക്കുന്ന രാപ്രകളും കൂട്ടാളികളും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്.കാരുണ്യപ്രവര്‍ത്തനത്തിനും അവരുടെ പ്രശസ്തിക്കും പണക്കാര്‍ ഉപയോഗപ്പെടുത്തുന്നത് ഒരു പത്രത്തിലോ ചാനലിലോ വന്ന ഒരു പ്രാദേശിക വാര്‍ത്തയാണ്.ജീവകാരുണ്യ രംഗത്ത് ഇടപെടാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് പ്രത്യേക റിസര്‍ച്ച് വിഭാഗമുണ്ടെന്ന് അറിയുക.
ഇനി,ബോച്ചേയിലേക്കും എം.എ യൂസഫലിയിലേക്കും വരാം.
അവരെ കുറിച്ച് പറയുന്നതിന് മുമ്പ്,സൗദി അറേബ്യേയിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ റഹീമിനെ കുറിച്ച് പറയണം.
റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളികള്‍ സ്വരൂപിച്ച മുപ്പത്തിനാല് കോടി രൂപയെ കുറിച്ചും പറയണം.
കേരളം കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊന്നാണ് റഹീമിന് വേണ്ടി പരമ്പരാഗത മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയിയിലൂടെയും നടന്ന കാമ്പയിനുകള്‍.കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഹീം കേരളത്തില്‍ വലിയ ചര്‍ച്ചയാണ്.എന്നാല്‍ എത്രയോ വര്‍ഷങ്ങളായി റഹീമിനെ കുറിച്ച് പരമ്പരാഗത മാധ്യമങ്ങള്‍ എഴുതുന്നുണ്ട്.സൗദ്യ അറേബ്യയിലെ ആദ്യത്തെ മലയാള പത്രമായ മലയാളം ന്യൂസിലും കേരളത്തിലെ പത്രങ്ങളുടെ ഗള്‍ഫ് പതിപ്പുകളിലും റഹീമിന്റെ മോചനം ആവശ്യപ്പെട്ടുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങളായി സജീവമാണ്.ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗള്‍ഫ് നാടുകളിലെ പ്രധാന സാമൂഹ്യ-ജീവകാരുണ്യ സംഘടനകളായ കെ.എം.സി.സി,നവോദയ,ഒ.ഐ.സി.സി എന്നിവ കാമ്പയിനുകളുമായി രംഗത്തുണ്ട്.
ഇപ്പോള്‍ കേരളം റഹീമിന്റെ മോചനം ഏറ്റെടുത്തതോടെ മുന്നോട്ടു വന്നവരാണ് ബോബി ചെമ്മണ്ണൂരും എം.എ. യുസഫലിയും.അവര്‍ റഹീമിന്റെ മോചനത്തിനായി വാഗ്ദാനം നല്‍കിയിരിക്കുന്നത് വലിയ സഹായങ്ങളാണ്.ബോബി ചെമ്മണൂര്‍ ഒരു കോടി രൂപ റഹീമിന്റെ മോചനദ്രവ്യത്തിലേക്ക് വാഗ്ദാനം ചെയ്തതിന് പുറമെ ജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ നേരിട്ട് തെരുവില്‍ ഇറങ്ങി.റഹീം മോചിതനായി കേരളത്തില്‍ എത്തിയാല്‍ തന്റെ റോള്‍സ് റോയ്‌സ് കാറിന്റെ ഡ്രൈവര്‍ ജോലി നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.റഹീമിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ യൂസഫലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇത്ര പ്രമുഖരായ ബിസിനസുകാര്‍ റഹീമിന് സഹായവുമായി രംഗത്തു വരാന്‍ കാരണമെന്താണ്?
ജീവകാര്യണ പ്രവര്‍ത്തനത്തിനുള്ള താല്‍പര്യത്തോടൊപ്പം അവര്‍ തേടുന്നത് മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തി കൂടിയാണ്.
കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിക്കുന്നതിന് പകരം,ഇത്തരം ഇടപെടലുകളിലൂടെ അവര്‍ക്ക് ലഭിക്കുന്നത് വലിയ പബ്ലിസിറ്റിയാണ്.
മാധ്യമവാര്‍ത്തകള്‍ അവര്‍ക്ക് അനുഗ്രഹമായി മാറുന്നത് ഇങ്ങിനെയെല്ലാമാണ്.
മാപ്രകള്‍ എന്ന് അറിയാതെ വിളിക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു പാട് കാര്യങ്ങളുണ്ട്.
രാപ്രകള്‍ക്ക് അതറിയാം.
പക്ഷെ,അവര്‍ പുറത്തു പറയില്ല.
കാരണം,അവരും മാധ്യമങ്ങളിലൂടെ വളര്‍ന്നവരാണ്.
പാലം കടന്നാല്‍ കൂരായണ….