
മലപ്പുറം: മലപ്പുറത്തെ പഴയകാല മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന് വിട.ദേശാഭിമാനി പത്രത്തിലൂടെ പതിറ്റാണ്ടുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം രാഷ്ട്രീയ-പൊതുപ്രവര്‍ത്തന മേഖലകളിലും നിറസാന്നിധ്യമായിരുന്നു.മലപ്പുറം നഗരസഭാ കൗണ്‍സില്‍ അംഗമായിരുന്നു.മാധ്യമപ്രവര്‍ത്തനകരുടെ സംഘടനാ രംഗത്തും അറിയപ്പെടുന്ന നേതാവായിരുന്നു.എഴുപത്തിയാറ് വയസ്സായിരുന്നു.
ദീര്‍ഘകാലം ദേശാഭിമാനിയുടെ മലപ്പുറം ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു.രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഒരേ സാമൂഹിക ലക്ഷ്യത്തോടെ നിര്‍വഹിച്ചു. മലപ്പുറത്തിന്റെ വികസനത്തിനായി പത്രത്താളുകളിലൂടെ നിരന്തരമെഴുതി.
കുറിക്കു കൊള്ളുന്ന ഭാഷാശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മലപ്പുറം വിശേഷം എന്ന പ്രതിവാര പംക്തി വായനക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നു.മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്കും വലിയ സംഭാവന നല്‍കി.ദീര്‍ഘകാലം മലപ്പുറം ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമായിരുന്നു മലപ്പുറം ഏരിയാ സെക്രട്ടറി.
മലപ്പുറം ജില്ലയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.ആറു തവണ മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്നു.ദേശാഭിമാനിയില്‍ നിന്ന് വിരമിച്ച ശേഷം സീനിയര്‍ ജേണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റിയംഗം, മലപ്പുറം നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്‌പെഷ്യല്‍ കൗണ്‍സിലര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.
മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്റെയും ഉമ്മാച്ചുവിന്റെയും മകനായി 1948 ലാണ് ജനനം.ഭാര്യ: ഖദീജ മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ മരുമക്കള്‍: ഹനീഫ, ഇബ്രാഹിം.