മലപ്പുറം:കേരളത്തിലെ കോണ്‍ഗ്രസിന് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനു നേര്‍ക്ക് വെടിവെയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസും ലീഗും വയനാട്ടില്‍ പതാകയെ പണയം വച്ചിരിക്കുന്നത്. കൊടി ഇല്ലായെന്നാല്‍ ആശയമില്ലെന്ന സത്യം സാധാരണ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പില്‍ അസംതൃപ്തരായ യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. സാധാരണ പ്രവര്‍ത്തകരുടെ ആശയപരമായ ഔന്നത്യത്തിലേക്ക് ഉയരാന്‍ ലീഗ് നേതൃത്വം തയ്യാറാകണം ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ ഗാന്ധിയില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ അദ്ദേഹം ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നില്ല. ഇടതുപക്ഷമല്ല ആര്‍എസ്എസ് ആണ് മുഖ്യ എതിരാളികളെന്ന് പ്രഖ്യാപിക്കാന്‍ രാഹുല്‍ തയ്യാറാകണം. രാഹുലിന്റെ ഈ ആശയ കുഴപ്പത്തിന് കാരണം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ്. അവര്‍ അദ്ദേഹത്തെ വഴിതെറ്റിക്കുന്നു. കേന്ദ്രത്തില്‍ തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാം. ബിജെപിക്കെതിരായ നിലപാടിന്റെ ഇടതുപക്ഷ ഗ്യാരണ്ടി കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയുന്നില്ല. ബിജെപിയുമായി ചങ്ങാത്തത്തിലാണ് പല സംസ്ഥാനങ്ങളിലും കോണ്‍!ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തോടുള്ള വിയോജിപ്പില്‍ നരേന്ദ്രമോദിക്കും രാഹുലിനും ഒരേ സ്വരമാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച പത്രം കത്തിച്ചത് യുഡിഎഫിന്റെ പരാജയ ഭീതിമൂലമാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമായ സന്ദര്‍ഭത്തില്‍ യുഡിഎഫിനും ബിജെപിക്കും വിറളിയാണ്. സര്‍വ്വേകള്‍ പണം നല്‍കുന്നവര്‍ക്കായി സൃഷ്ടിക്കപ്പെടുന്നതാണ്. അതെല്ലാം തന്നെ ജനം തള്ളികളയുമെന്ന് ഉറപ്പാണ്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നണി ഒറ്റകെട്ടായി ജീവന്‍ മരണ പോരാട്ടമാണ് നടത്തുന്നത്. സിപിഐ(എം) വോട്ട് സിപിഐക്കോ മറിച്ചോ നഷ്ടമാകുമെന്ന പ്രചാരണം അര്‍ത്ഥ ശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.