വരള്‍ച്ചയെ പ്രതിരോധിക്കുവാനുള്ളകൃഷി പരിപാലന മുറകള്‍

വരള്‍ച്ചയെ പ്രധിരോധിക്കുന്നതിനുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശങ്ങള്‍….

കേരളത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഉയര്‍ന്ന താപനില ശരാശരിദിന താപനിലയേക്കാള്‍ 4.50 ഡിഗ്രിക്ക് മുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ രണ്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉണ്ടാകുമ്പോഴാണ് ഭാരതീയ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും മിക്ക ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മെയ് ആദ്യ വാരം വരെ ചൂടും ആര്‍ദ്രതയും കൂടി നില്‍ക്കുന്ന അന്തരീക്ഷാവസ്ഥ തുടരാനാണ് സാധ്യത. വ്യാപകമായ വേനല്‍മഴ മെയ് പകുതിയോടുകൂടി മാത്രമേ ലഭിക്കാനുള്ള സാധ്യത ഉള്ളൂ.
കാലാവസ്ഥാ വ്യതിയാനവും അതികാഠിന്യമേറിയ വേനലും കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉയര്‍ന്ന താപനില, രൂക്ഷമായ ജലദൗര്‍ലഭ്യം, മലിനമായ ജലം എന്നിവ കാരണം കാര്‍ഷിക പരിപാലന മുറകള്‍ അനുവര്‍ത്തിക്കാന്‍ സാധ്യമാകാതെ പോകുന്നു. നട്ട വിളകളെയും ചിരസ്ഥായിയായ വിളകളെയും സംരക്ഷിക്കുന്നതിന് അടിയന്തിരനടപടികള്‍ കൈകൊള്ളുക അല്ലാതെ മാര്‍ഗ്ഗമില്ല.
വിളകളെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാനുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍
• ചെടികള്‍ നനയ്ക്കുന്നത് അതിരാവിലെയും വൈകുന്നേരവും ആയി ക്രമീകരിക്കുന്നത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയുന്നു.
• ചെടികളുടെ ചുവട്ടില്‍ പുതയിടുക.
• മണ്ണില്‍ നിന്നുമുള്ള ജലനഷ്ടം (ബാഷ്പീകരണം) കുറയ്ക്കാന്‍ ഇടയകലങ്ങളില്‍ പുതയിടുക.
• വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
• ജല ലഭ്യത കുറവായതുകൊണ്ട് വെള്ളം കുറച്ച് ആവശ്യമുള്ള ജലസേചനരീതിയായ തുള്ളിനന സംവിധാനം ഉപയോഗിക്കുക.
• ജലലഭ്യതയുള്ളപ്പോള്‍ വിളയുടെ മുകളിലൂടെ വെള്ളം തളിച്ചു കൊടുക്കുക.
• മണ്ണില്‍ ജൈവാംശവും സൂക്ഷജീവികളുടെ പ്രവര്‍ത്തനവും ജലനിര്‍ഗ്ഗമന ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമായി ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കുക.
• വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന അവസരങ്ങളില്‍ വിളകളുടെ സാന്ദ്രത കുറയ്ക്കുക.ഇതിന്
ശുപാര്‍ശ ചെയ്ത അകലങ്ങളില്‍ നട്ട ചെടികളില്‍ ഇടയ്ക്കുള്ളവ പറിച്ചുമാറ്റേണ്ടിവരും
• ഇലകളില്‍ നിന്നുള്ള ബാഷ്പീകരണ നഷ്ടം കുറയ്ക്കുവാന്‍ താഴെയുള്ള ഇലകള്‍ നീക്കം ചെയ്യുക
• പൊട്ടാഷ് വളങ്ങള്‍ ശുപാര്‍ശയുടെ 25% അധികം നല്കുന്നത് നല്ലതാണ്.
• വരള്‍ച്ചയെ ചെറുക്കാന്‍ ബോറോണ്‍ സഹായകമാകുന്നതിനാല്‍ ബോറോണ്‍ അടങ്ങിയ വളങ്ങള്‍ / ദ്വിതീയ / സൂക്ഷ്മ മൂലക മിശ്രിതം എന്നിവ ഉപയോഗിക്കുന്നത് വരള്‍ച്ചയെ അതിജീവിക്കുവാന്‍ ഉപകരിക്കും.
• പിരിഫോമസ്‌പോറ ഇന്‍ഡിക്ക,പി.പി.എഫ്.എം,എ.എം.എഫ് എന്നീ സൂക്ഷ്മ ജീവികള്‍ വിളകളില്‍ ഉപയോഗിക്കുന്നത് വിളകളെ ഒരു പരിധിവരെ സംരക്ഷിക്കുന്നു.
• കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് ഒഴിവാക്കേണ്ടതാണ്. രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കാന്‍ പാടുള്ളതല്ല.
• മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനല്‍മഴയില്‍ നിന്ന് ലഭിക്കുന്ന ജലം മണ്ണില്‍ തന്നെ സംഭരിച്ച് നിര്‍ത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്.

വിവിധ വിളകള്‍ക്കുള്ള പ്രത്യേക ശുപാര്‍ശകള്‍
നെല്ല്
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളില്‍ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിര്‍ത്തുന്ന ജലസേചന രീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നത് വരെ വെള്ളം കെട്ടിനിര്‍ത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നല്‍കുക എന്ന രീതിയുമാണ് അഭികാമ്യം. എന്നാല്‍ മണ്ണ് വരണ്ട ഉണങ്ങുവാന്‍ അനുവദിക്കരുത്.
നെല്ലില്‍ കതിര്‍ നിരക്കുന്ന സമയത്തുണ്ടാകുന്ന വരള്‍ച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും എന്നതിനാല്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1ലിറ്റര്‍ വെള്ളം), ബോറോണ്‍ (2 ഗ്രാം/1 ലിറ്റര്‍ വെള്ളം), സാലിസിലിക് അസിഡ് (50 മില്ലിഗ്രാം/1ലിറ്റര്‍ വെള്ളം) എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിച്ചു കൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകമാണ്
മൂന്നാം വിളയായി നെല്ല് കൃഷി ചെയ്യുമ്പോള്‍ കഴിയുന്നതും ഹ്രസ്വകാല ഇനങ്ങള്‍ മാത്രം ഉപയോഗിക്കുക. രാസവളം നല്‍കുമ്പോള്‍ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളം അടിവളമായി നല്‍കുക. വരള്‍ച്ചയെ പ്രതിരോധിക്കാനായി നെല്‍ച്ചെടിയില്‍ ഒരു ശതമാനം ജജഎങ ലായനി ചിനപ്പു പൊട്ടുന്ന സമയത്തും തളിച്ചു കൊടുക്കണം.
തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ പരിചരണ മുറയാണ് ജജഎങ (പിങ്ക് പിഗ്മെന്റ് ഫാക്കുല്‍റ്റേറ്റീവ് മേത്തിലൊട്രാപ്) എന്ന മിത്ര ബാക്ടീരിയ ഉപയോഗിച്ചുള്ള രീതി. വരള്‍ച്ചയുടെ ആഘാതം കുറക്കുന്നതിന് ഇത് സഹായകമാണ്. നെല്ല്, പച്ചക്കറികള്‍ എന്നിവക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. ചെടികളുടെ ഇലകളില്‍ കാണുന്ന മേത്തിലൊബാക്ടീരിയം വേര്‍തിരിച്ചെടുത്താണ് ജജഎങ ഉണ്ടാക്കുന്നത്. നെല്ലില്‍ ഏക്കറിന് ഒരു ലിറ്റര്‍ ജജഎങ 200 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുന്നത് വരള്‍ച്ചയെ അതിജീവിക്കാന്‍ സഹായിക്കും .അതി രാവിലെയോ, വൈകുന്നേരമോ മാത്രമേ ഇത് തളിക്കാന്‍ പാടുള്ളൂ/ ഇതിനോടൊപ്പം കീട കള നാശിനികള്‍ ചേര്‍ക്കാന്‍ പാടില്ല.
മുഞ്ഞ
നെല്ലില്‍ മുഞ്ഞ ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിളക്ക് കെണികള്‍ ഉപയോഗിക്കാം. ഇത് വരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളില്‍ നടീല്‍ അകലം/വിതയ്ക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാല്‍ ബുപ്രൊഫെസില്‍ (2മില്ലി/ലി), ഇമിഡാക്ലോപ്രിഡ് (3 മില്ലി/10ലി), തൈയാമീതോക്‌സാം (2 ഗ്രാം/10ലി) എന്നിവയിലേതെങ്കിലും തളിക്കാം.
ബാക്റ്റീരിയല്‍ ഇലകരിച്ചില്‍
ബാക്റ്റീരിയല്‍ ഇല കരിച്ചിലിനെയും മറ്റു കുമിള്‍ രോഗങ്ങളെയും ചെറുക്കാനായി 1 ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പച്ചചാണകം കലക്കി അതിന്റെ തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുക.
വാഴ
വാഴത്തടങ്ങളില്‍ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജല ആഗിരണശേഷി വര്‍ദ്ധിപ്പിക്കുക. കരിയില, ഓല മറ്റ് ജൈവാവശിഷ്ടങ്ങള്‍ എന്നിവ കൊണ്ട് തടത്തില്‍ പുതയിടുക. ജല ലഭ്യത അനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തുക.
• കണിക ജലസേചന രീതി (12 ലിറ്റര്‍/ ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക
• വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) രണ്ടാഴ്ച ഇടവേളകളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.
• വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇല പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിന് സാധ്യതയുണ്ട് ഇതിന്റെ നിയന്ത്രണത്തിനായി ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ മിനറല്‍ ഓയില്‍ 25 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വെജിറ്റബിള്‍ സള്‍ഫര്‍ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്
• സാലിസിലിക് ആസിഡ് 140 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 250 മില്ലിലിറ്റര്‍ ഒരു ചെടിക്ക് എന്ന തോതില്‍ ചെടിയില്‍ തളിക്കുന്നത് വരള്‍ച്ചയെ അതിജീവിക്കുന്നതിന് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *