
താനൂര്‍:ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കണക്ക് പരീക്ഷയില്‍ ചോദ്യക്കടലാസ് അബദ്ധത്തില്‍ മാറി നല്‍കി ഉത്തരമെഴുതിയ 10 കുട്ടികളുടെ പരീക്ഷാഫലം താത്കാലികമായി തടഞ്ഞു വച്ചു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വിഭാഗം അന്വേഷണ നടപടികളുടെ ഭാഗമായാണ് ഫലം തടഞ്ഞു വച്ചത്. മൊത്തം 60 മാര്‍ക്കുള്ള സ്‌കൂള്‍ ഗോയിങ് കുട്ടികള്‍ക്കാണ് ഓള്‍ഡ് സ്‌കീമിലെ 80 മാര്‍ക്കിന്റെ ഗണിതം പരീക്ഷയുടെ ചോദ്യക്കടലാസ് മാറി നല്‍കിയത്. പരീക്ഷ അവസാനിക്കാറായപ്പോഴാണ് അബദ്ധം കുട്ടികള്‍ക്കും ഇന്‍വിജിലേറ്റര്‍ക്കും ബോധ്യമായത്. ഇതിനകം ചില കുട്ടികള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചു വരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം ഒരു റൂമിലിരുത്തി 60 മാര്‍ക്കിന്റെ നേരത്തെ നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് നല്‍കി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.
തുടക്കത്തില്‍ കുട്ടികളുടെ മുന്നില്‍ വച്ചാണ് ചോദ്യ പാക്കറ്റ് പൊട്ടിച്ചിരുന്നത്. ക്ലാസില്‍ 20 ഒന്നാം വര്‍ഷക്കാരും 10 രണ്ടാം വര്‍ഷക്കാരുമാണുണ്ടായിരുന്നത്. വൈകി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വൈകീട്ട് തന്നെ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. പഴയ സ്‌കീമില്‍ ഒരു കുട്ടിയാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്
സ്‌കൂളില്‍ പഠിക്കുന്ന വിഭാഗത്തില്‍ 326 പേരാണ് മൊത്തം പരീക്ഷ എഴുതിയത്. ചോദ്യപാക്കറ്റില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും അബദ്ധത്തില്‍ മാറി പൊട്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടന്നുവരുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ പരീക്ഷ ഫലം താത്ക്കാലികമായി തടഞ്ഞു വച്ചത്. തിങ്കളാഴ്ച ഹയര്‍ സെക്കന്‍ഡറി ഉദ്യോഗസ്ഥര്‍ ഫലം തടഞ്ഞു വച്ച കുട്ടികളുമായി ഹിയറിങ് നടത്തും.
സിലബസില്‍ നേരിയ മാറ്റം മാത്രമുണ്ടായതിനാലാണ് അവസാന നിമിഷം വരെ ചോദ്യപേപ്പര്‍ മാറി നല്‍കിയത്
വ്യക്തമാകാതിരുന്നത്.