
തിരുവനന്തപുരം-നാളെയും മറ്റന്നാളും (തിങ്കള്‍,ചൊവ്വ) സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലര്‍മാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭരണപക്ഷ യുണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ യുണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
വേതന പരിഷ്‌കരണം,ക്ഷേമനിധി ബോര്‍ഡ് പുനസംഘാടനം തുടങ്ങിയ ഏതാനും ആവശ്യങ്ങളാണ് യുണിയനുകള്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ മുന്നോട്ടു വെച്ചിരുന്നത്. ഡീലര്‍മാര്‍ക്കുള്ള പ്രതിഫലത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത വരുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിവേദനത്തിലെ ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം യുണിയന്‍ നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചത്.
രണ്ടു ദിവസം സൂചനാ സമരമാണ് നടത്തുന്നതെന്നും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഓണത്തിന് മുമ്പായി അനിശ്ചിത കാല സമരം നടത്തുമെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ അറിയിച്ചു.